ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സര്‍ക്കാര്‍ സമര്‍പ്പിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. 8 എഫ്ഐആറുകളില്‍ പ്രതികളുടെ പേര് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും 18 എഫ്ഐആറുകളില്‍ പ്രതികളുടെ പേര് പ്രത്യേകം പറഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. നാല് കേസുകളില്‍ കൂടി അന്വേഷണം പുരോഗമിക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മുദ്രവെച്ച കവറിലാണ് സര്‍ക്കാര്‍, നടപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാനായി രൂപീകരിച്ച ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തെളിവുകളും കൃത്യമായ പരാതികളും ഉണ്ടെങ്കില്‍ കേസെടുത്ത് അന്വേഷണസംഘത്തിന് മുന്നോട്ടുപോകാമെന്ന് ഡിവിഷന്‍ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.