തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് അപകടം
തമിഴ് നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. സമ്മേളനത്തിൽ എത്തിയ 120 ഓളം പേർ നിർജലീകരണം കാരണം കുഴഞ്ഞു വീണു.താംബരത്തിനടുത്തുണ്ടായ മറ്റൊരു അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഉളുന്തൂർപ്പെട്ടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിലടിച്ചാണ് അപകടം ഉണ്ടായത്. ട്രിച്ചിയിൽ നിന്നും വന്ന പ്രവർത്തകരാണ് അപകടത്തിൽപ്പെട്ടു മരിച്ചത്. താംബരത്തിനടുത്തുണ്ടായ അപകടത്തിൽ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
നിർജലീകരണം കാരണം കുഴഞ്ഞു വീണവരെ മെഡിക്കൽ സംഘം ആശുപത്രിയിലെത്തിച്ചു. ഉച്ചയോടെ തന്നെ സമ്മേളന വേദിയിലെ 90% സീറ്റുകളും നിറഞ്ഞിരുന്നു. ചെന്നൈയിൽ നിന്ന് 100 കിലോമീറ്റർ അകലെ വിഴുപുരത്തെ വിക്രവാണ്ടിയിലാണ് സമ്മേളനം.ടിവികെയുടെ ആദ്യ സമ്മേളനമാണ് ഇന്നലെ തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ നടന്നത്. വേദിയിലേക്ക് കടന്നുവന്ന വിജയ് യെ കരഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് അണികൾ വരവേറ്റത്. തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടന്നത്.