പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പിൽ ഇന്ന് ഒരു തരം ഭേദബുദ്ധി: ടി പത്മനാഭൻ

0

പുസ്തകങ്ങളുടെ, മാസികകളുടെ, ദിനപത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ഇന്ന് ഒരു തരം ഭേദബുദ്ധി കാണാൻ കഴിയുമെന്നും പഴയ കാലത്ത് അത് ഉണ്ടായിരുന്നില്ലെന്നും കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പുസ്തകോത്സവം കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ടുകാലത്ത് കണ്ണൂരിലും പരിസര പ്രദേശത്തും ലൈബ്രറികൾ നടത്തിപ്പോന്നത് തൊഴിലാളികൾ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവർ വലിയ വിദ്യാസമ്പന്നരായിരുന്നില്ല. പക്ഷേ, അവർക്ക് ആദർശബോധം ഉണ്ടായിരുന്നു.  ഇവരാരും സങ്കുചിതമായ രാഷ്ട്രീയ വിശ്വാസത്തിന് അടിപ്പെട്ടിട്ടായിരുന്നില്ല പ്രവർത്തിച്ചിരുന്നത്.
മഹത്തായ പുസ്തകങ്ങൾ ഏറെ വാങ്ങിവെച്ചത് കൊണ്ട് ഒരു ലൈബ്രറി ലൈബ്രറിയാവില്ല. നാം എങ്ങിനെയാണ് ആ ലൈബ്രറിയെ ഉപയോഗിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പുസ്തകങ്ങൾ ഇന്ന് ആയിരക്കണക്കിന്, പതിനായിരക്കണക്കിന് വരുന്നുണ്ട്. അവയുടെ ഗുണനിലവാരത്തെക്കുറിച്ച്, അവ വായിച്ചാൽ വായനക്കാരന് കിട്ടുന്ന ഗുണത്തെക്കുറിച്ച് ആലോചിച്ചാൽ സങ്കടകരമാണ്. ആ സത്യം നമ്മൾ മറച്ചുവെച്ചിട്ട് ഒരു പ്രയോജനവും ഇല്ല. വായനശാലക്കാർ പുസ്തകങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
നമ്മുടെ കേരളം സാക്ഷരത, പ്രാഥമിക വിദ്യാഭ്യാസം, ലൈബ്രറി പ്രസ്ഥാനം എന്നിവയിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുൻപന്തിയിലാണ്. അതിൽ അഭിമാനിക്കാൻ ഏറെയാണ്. ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി കേരളത്തിലാണ് ഉണ്ടായത്. സ്വാതിതിരുനാൾ സ്ഥാപിച്ച ഇന്നത്തെ തിരുവനന്തപുരം സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറിയെന്നും അദ്ദേഹം പറഞ്ഞു.


സംഘാടക സമിതി ചെയർമാൻ ഡോ. വി ശിവദാസൻ എം പി അധ്യക്ഷനായി. ലൈബ്രറികളുടെ നിലനിൽപിന് ലൈബ്രേറിയൻമാരുടെ ജീവിത സാഹചര്യം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രേറിയൻമാർക്ക് ചികിത്സാ ആനുകൂല്യങ്ങൾ നൽകാൻ ജില്ലയിലെ സഹകരണ ആശുപത്രികൾ മുന്നോട്ടുവരുന്നതായി അദ്ദേഹം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. കെ കെ രത്നകുമാരി മുഖ്യാതിഥിയായി. ഡോ. കെ പി മോഹനൻ തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണ പ്രഭാഷണം നടത്തി.

കണ്ണൂർ കോർപറേഷൻ കൗൺസിലർ അഡ്വ. പി കെ അൻവർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ, പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ, സി എൻ ചന്ദ്രൻ, എം കെ രമേഷ് കുമാർ, എം കെ മനോഹരൻ, കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻറ് സി സുനിൽകുമാർ, പിആർഡി ഡെപ്യൂട്ടി ഡയറക്ടർ ഇകെ പത്്മനാഭൻ, ഡോ. സുധ അഴീക്കോടൻ, വി സുജാത ടീച്ചർ, കെ എ ബഷീർ, ഇ ചന്ദ്രൻ മാസ്റ്റർ, യു കെ ശിവകുമാരി, ടി പ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് കലാനിലയം നൃത്ത സംഗീത ശിൽപം അവതരിപ്പിച്ചു.
ഡിസി ബുക്‌സ്, എൻബിഎസ്, ചിന്ത പബ്ലിഷേഴ്‌സ്, മാതൃഭൂമി ബുക്‌സ് തുടങ്ങി സംസ്ഥാനത്തെ വലുതും ചെറുതുമായ 77 പ്രസാധകരുടെ 150ൽപരം സ്റ്റാളുകൾ മേളയിലുണ്ട്. സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സർവ വിജ്ഞാനകോശം, മലയാളം സർവകലാശാലാ പുസ്തകവിഭാഗം, കേരള മീഡിയ അക്കാദമി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ബുക്ക് ട്രസ്റ്റും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പബ്ലിക്കേഷൻ വിഭാഗവും മേളയിൽ പങ്കെടുക്കുന്നു. ഇവയിലെല്ലാമായി പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് വായനക്കാരെ തേടിയെത്തിയിരിക്കുന്നത്.
ഗ്രന്ഥശാലകൾക്ക് 33 ശതമാനം വിലക്കിഴിവിലാണ് വിൽപന. വ്യക്തിഗത പുസ്തകപ്രേമികൾക്കും ആകർഷകമായ ഇളവുണ്ട്. നാലു ദിവസവും വ്യത്യസ്തങ്ങളായ അനുബന്ധ പരിപാടികളും കലാപരിപാടികളും ഉണ്ടാവും.

About The Author

Leave a Reply

Your email address will not be published. Required fields are marked *