തലശ്ശേരി നഗരസഭയുടെ കെട്ടിട സമുച്ചയം പ്രവർത്തന സജ്ജമായി
തലശ്ശേരി നഗരസഭയുടെ കെട്ടിട സമുച്ചയം നിയമസഭ സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സ്ഥലം എം.എൽ.എ. കൂടിയായ സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നേ കാൽ കോടിരൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. സ്വന്തം വീട് സംരക്ഷിക്കുന്ന മാതൃകയിൽ കെട്ടിട സമുച്ചയങ്ങൾ സംരക്ഷിക്കാൻ ജീവനക്കാരും പൊതുജനങ്ങളും തയ്യാറാകണമെന്ന് സ്പീക്കർ പറഞ്ഞു. ബഡ്സ് സ്കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിൽ കൃഷി ഭവൻ, അങ്കണവാടി, ആരോഗ്യ വിഭാഗം ഓഫിസ്, മീറ്റിംഗ് ഹാൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ അധ്യക്ഷയായി. വൈസ് ചെയർമാൻ എം.വി. ജയരാജൻ, കൗൺസിലർ ടി.വി. റാഷിദ ടീച്ചർ, വി.എം. സുകുമാരൻ, വി.പി. സജീവൻ, എം.പി അരവിന്ദാക്ഷൻ, അഡ്വ. കെ.എ. ലത്തീഫ്, എം.പി സുമേഷ്, കെ. സുരേശൻ, ബി.പി മുസ്തഫ, വർക്കി വട്ടപ്പാറ, വളോറ നാരായണൻ, അസി. എഞ്ചിനിയർ റഹല എന്നിവർ സംസാരിച്ചു.