തലശ്ശേരി നഗരസഭയുടെ എസ്‌സി ഫ്ളാറ്റ് സ്പീക്കർ ഉദ്ഘാടനം ചെയ്തു
ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് തലശ്ശേരി നഗരസഭ നിർമ്മിച്ച എസ് സി ഫ്ളാറ്റ് ഉക്കണ്ടൻ പീടികയ്ക്ക് സമീപം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. രണ്ട് നിലകളിലായി ആറ് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഫ്ളാറ്റിൽ ഒരുക്കിയിരിക്കുന്നത്. നഗരസഭയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്ന് സ്പീക്കർ പറഞ്ഞു. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപ ചെലവഴിച്ചാണ് ഫ്ളാറ്റ് നിർമ്മിച്ചത്. രണ്ട് കിടപ്പ് മുറി, ഹാൾ, കിച്ചൺ, ബാത്ത്റൂം എന്നീ സൗകര്യങ്ങൾ ഫ്ളാറ്റിൽ ഉണ്ട്. 2017-18 സാമ്പത്തിക വർഷവും തലശ്ശേരി നഗരസഭ ആറ് പട്ടികജാതി കുടുംബങ്ങൾക്ക് ഫ്ളാറ്റ് നിർമ്മിച്ചു നൽകിയിരുന്നു.
തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാറാണി ടീച്ചർ അധ്യക്ഷയായി. വൈസ് ചെയർമാൻ എം.വി ജയരാജൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബ്, വാർഡ് കൗൺസിലർ ബേബി സുജാത, നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ സദാകത്ത്, ഡി.എൻ ജിഥുൻ, എം മഹേഷ് കുമാർ, എം.പി അരവിന്ദാക്ഷൻ, കെ. അനീഷ്, കെ മുസ്തഫ, കണ്ടിക്കൽ ജാഫർ, സ്ഥിരം സമിതി ചെയർമാൻമാർ, പാർട്ടി കൗൺസിൽ ലീഡർമാർ എന്നിവർ സംസാരിച്ചു.