ദാന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡീഷയില്‍ ശക്തമായ മഴയും കാറ്റും, അതീവ ജാഗ്രത
ഡാന അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടു. ചുഴലികാറ്റിന്റെ കരയിലേക്കുള്ള പ്രവേശനം തുടരുകയാണ്.കൊല്‍ക്കത്തയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ വടക്കന്‍ ഒഡീഷയിലെ ഭിതാര്‍കനികയ്ക്കും ധമ്രയ്ക്കും ഇടയില്‍ ആണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആകും കാറ്റിന്റെ വേഗത എന്നാണ് മുന്നറിയിപ്പ്.
ഒഡിഷയിലെ ഭദ്രക്, ദമ്ര എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. അതിശക്തമായ കാറ്റില്‍ ദമ്രയില്‍ മരങ്ങള്‍ കടപുഴകി വീണു. മുന്‍കരുതലിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ ഒഡിഷ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. കൊല്‍ക്കത്ത, ഭൂവനേശ്വര്‍ രാവിലെ 9 മണിവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
മേഖലയില്‍ സര്‍വീസ് നടത്തുന്ന 200 ഓളം ട്രെയിനുകള്‍ റദ്ധാക്കി. ഒഡീഷയിലെ ബസ് സര്‍വീസുകളും പ്രവര്‍ത്തിക്കുന്നില്ല. രണ്ട് സംസ്ഥാനങ്ങളുടെയും സാഹചര്യം യഥാസമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളെയും പ്രത്യേകം മെഡിക്കല്‍ സംഘത്തെയും രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്കി. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.
മലയോര മേഖലകളില്‍ മഴ കനത്തേക്കും.മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.