നടാൽ അടിപ്പാതക്കായുള്ള സ്വകാര്യ ബസ് സമരം പിൻവലിച്ചു

0
ഊർപ്പഴശ്ശിക്കാവ് അണ്ടർപാസ് മുതൽ എടക്കാട് പെട്രോൾ പമ്പ് വരെയുള്ള ദേശീയപാത ആറുവരി പാതയുടെ നിർമ്മാണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെക്കാൻ ദേശീയപാത അതോറിറ്റി സമ്മതിച്ചതിനാൽ കണ്ണൂർ-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിക്കുന്നതായി ബസ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നിർദിഷ്ട ആറ് വരി ദേശീയ പാത കടന്നുപോകുന്നതിനു കുറുകെ നടാലിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് ഊർപ്പഴശ്ശി കാവിനും എടക്കാട് പെട്രോൾ പമ്പിനുമിടയിലുള്ള എല്ലാ പ്രവൃത്തികളും റീജ്യനൽ ഓഫീസർ തലത്തിൽ പരിഗണിക്കുന്നത് വരെ നിർത്തിവെക്കാൻ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ദേശീയപാത അതോറിറ്റി സമ്മതിച്ചത്. ബസ് ഓണേഴ്‌സ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി, ഒ.കെ യുപി സ്‌കൂൾ അണ്ടർ പാസ് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പ്രശ്നത്തിന്റെ പ്രസക്തമായ എല്ലാ വസ്തുതകളും കണക്കിലെടുത്ത് പോലീസുമായും ആർടിഒ ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച് ദേശീയപാത അതോറിറ്റി റിപ്പോർട്ട് തയ്യാറാക്കി ഒക്ടോബർ 26 നകം തലശ്ശേരി സബ്കളക്ടർക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ ശുപാർശകൾ സംസ്ഥാന തലത്തിൽ കൈമാറും.
ദേശീയപാത അതോറിറ്റി ഓഫീസിന് മുമ്പിൽ ഒക്ടോബർ 25 മുതൽ നടത്താനിരുന്ന സത്യാഗ്രഹസമരം പിൻവലിക്കുന്നതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ അറിയിച്ചു.
മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ്കളക്ടർ കാർത്തിക് പാണിഗ്രാഹി, എഡിഎം ഇൻചാർജ് കെ.വി ശ്രുതി, ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ, എസിപി ടി.കെ രത്‌നകുമാർ, ജനപ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ, ഒകെയുപി സ്‌കൂൾ അണ്ടർപാസ് ആക്ഷൻ കമ്മിറ്റി, ബസ് തൊഴിലാളി സംഘടനാ തൊഴിലാളികൾ, എൻ എച്ച് എ ഐ അധികൃതർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു.
യോഗത്തിന് ശേഷം സ്ഥലത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ സംഘം സന്ദർശനം നടത്തി.

About The Author

Leave a Reply

Your email address will not be published. Required fields are marked *