ദാന ചുഴലിക്കാറ്റ്: മുന്‍കരുതലുമായി ബംഗാള്‍ സര്‍ക്കാര്‍, ഒരു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു
ദാന ചുഴലിക്കാറ്റിന് മുന്നോടിയായുള്ള മുന്‍കരുതലിന്റെ ഭാഗമായി ഒരു ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. 80,000ത്തോളം പേരെ ദുരിതാശ്വാസ ക്യമ്പിലേക്ക് മാറ്റി.
‘ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 1,59,837 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 83,537 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റി’, സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ദാന ചുഴലിക്കാറ്റ്അവസാനിക്കും വരെ ഹൗറയിലെ താല്‍ക്കാലിക സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ശക്തമായ കാറ്റും അതിശക്തമായ മഴയുമാണ് ബംഗാളില്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളിലുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഇന്ന് വൈകിട്ട് ആറ് മണിമുതല്‍ നാളെ പകല്‍ ഒമ്പത് വരെ എല്ലാ വിമാന യാത്രകളും റദ്ദാക്കിയിട്ടുണ്ട്.
ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെയോടെ ദാന കര തൊടുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 100-110 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസമാണ് ദാന ചുഴലിക്കാറ്റ് രൂപപ്പെട്ടത്.