പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി 29ന്

0

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 29നാണ് വിധി പറയുക.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ജഡ്ജി ജ. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. വിജിലൻസിന് പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പെട്രോൾ പാമ്പ് ബിനാമി ഇടപാടും അതിലെ പിപി ദിവ്യയുടെ പങ്കും അന്വേഷിക്കണം. പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയിൽ വരില്ല, പിന്നെ എങ്ങനെ ദിവ്യ ഇടപെട്ടു? കടുത്ത വൈരാഗ്യം നവീൻ ബാബുവിനോട് ദിവ്യക്ക് ഉണ്ടായിരുന്നുവെന്നും കുടുംബം കോടതിയിൽ വാദിച്ചു.

അതേസമയം, അഴിമതിക്കെതിരായ സന്ദേശമായിരുന്നു തന്റെ പ്രസംഗമെന്നാണ് ദിവ്യ കോടതിയിൽ പറഞ്ഞത്. പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും ദിവ്യയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ കെ വിശ്വൻ വാദിച്ചു. നീ പോയി തുങ്ങി മരിച്ചോ എന്ന് പറഞ്ഞാൽ പോലും ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ കഴിയില്ലെന്നാണ് സുപ്രീം കോടതി പോലും പറഞ്ഞതെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കളക്ടർ അരുൺ കെ വിജയനാണെന്നും ക്ഷണം അനൗപചാരികമായായിരുന്നുവെന്നും വാദത്തിൽ അവകാശപ്പെട്ടു.

പ്രസംഗത്തിന് ശേഷം നവീൻ ബാബുവിന് തന്നെ വിളിച്ചു സംസാരിക്കാമായിരുന്നു. ആരോപണം തെറ്റെങ്കിൽ പരാതി നൽകാമായിരുന്നു. ഇതൊന്നും ചെയ്തില്ലെന്നും സദുദ്ദേശ്യത്തോടെയാണ് മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ നൽകിയതെന്നും ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പറഞ്ഞു.

എഡിഎമ്മിനെതിരെ പരാതിയുണ്ടെന്ന് രേഖകൾ തെളിയിക്കുന്നുണ്ട്. പ്രശാന്തൻ ബിനാമിയാണോ എന്ന് അന്വേഷിക്കട്ടെ. ജാമ്യം ലഭിച്ചാൽ വേണമെങ്കിൽ ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണ്. കളക്ടർ ഒന്നും അറിയാത്തപോലെ മൊഴി കൊടുത്തുവെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി.

About The Author

Leave a Reply

Your email address will not be published. Required fields are marked *