ആപ്ത മിത്ര വളണ്ടിയർമാരെ ആദരിച്ചു
സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും അഗ്‌നിശമന രക്ഷാസേനയും ചേർന്ന് അന്തർദേശീയ ദുരന്ത നിവാരണ ലഘൂകരണ ദിനാചരണം സംഘടിപ്പിച്ചു. കണ്ണൂർ ഫയർ സ്റ്റേഷനിൽ റീജ്യനൽ ഫയർ ഓഫീസർ പി രഞ്ജിത് ഉദ്ഘാടനം ചെയ്തു. ജീവൻരക്ഷാ, ദുരന്തനിവാരണ രംഗത്ത് രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം സിദ്ധിച്ച ആപ്ത മിത്ര വളണ്ടിയർമാർ സംസ്ഥാനത്ത് മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ സാമൂഹ്യപ്രതിബദ്ധതയുള്ള കൂട്ടായ്മയായി ആപ്ത മിത്ര മുന്നിലുണ്ടെന്നും റീജണൽ ഫയർ ഓഫീസർ പറഞ്ഞു.
ദുരന്തമുക്ത ഭാവിക്കായി യുവജനതയെ സംരക്ഷിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വിദ്യാഭ്യാസത്തിന്റെ പങ്ക് എന്നതാണ് ഈ വർഷത്തെ ദുരന്ത ലഘൂകരണ ദിന പരിപാടികളുടെ സന്ദേശമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ ഫയർ ഓഫീസർ എസ്.കെ. ബിജുമോൻ പറഞ്ഞു. സന്നദ്ധസേവന പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച പത്ത് ആപ്ത മിത്ര വളണ്ടിയർമാരെ ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചു. വയനാട് ജില്ലയിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ ഇരുനൂറ്റി അമ്പതോളം ആപ്ത മിത്ര വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സീനിയർ ഫയർ ഓഫീസർ കെ ഹരിനാരായണൻ ദുരന്തനിവാരണ വിഷയത്തിൽ ക്ലാസെടുത്തു. ഹസാർഡ് അനലിസ്റ്റ് എസ് ഐശ്വര്യ, എൽഎസ്ജി ഡി എം പ്ലാൻ കോ ഓർഡിനേറ്റർ സി തസ്ലീം ഫാസിൽ എന്നിവർ സംസാരിച്ചു.