കാറിൽ മദ്യക്കുപ്പി ; കല്ലടിക്കോട് വാഹനാപകടത്തിൽ കാർ അമിതവേഗതയിലായിരുന്നെന്ന് പോലീസ്
കല്ലടിക്കോട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ അമിതവേഗത്തിൽ ആയിരുന്നെന്നു പോലീസ്.കാറിൽനിന്ന് മദ്യക്കുപ്പി കണ്ടെത്തി യാത്രക്കാർ മദ്യപിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെറ്റായ ദിശയിലെത്തിയ കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നെന്നും അമിതവേഗമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനമെന്നും കല്ലടിക്കോട് സിഐ എം.ഷഹീർ പറഞ്ഞു.
അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം ചൊവ്വാഴ്ച രാത്രി 11നായിരുന്നു അപകടം. പാലക്കാട് ഭാഗത്തു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ അടിയിലേക്കു കാർ ഇടിച്ചുകയറിയ നിലയിലാണ്. കോങ്ങാട് സ്വദേശികളായ വിജേഷ്, മുഹമ്മദ് അഫ്സൽ, വീണ്ടപ്പാറ സ്വദേശി രമേശ്, വെള്ളയന്തോട് സ്വദേശി വിഷ്ണു, പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്.