സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ ആധാർ ക്യാമ്പ് കണ്ണൂരിൽ നടത്തി
ട്രാൻസ്‌ജെൻഡർ ഐഡി കാർഡുള്ള ട്രാൻസ് വ്യക്തികൾക്ക് ആധാർ കാർഡിലെ പേര് അതിനനുസരിച്ചു മാറ്റാൻ സ്‌പെഷ്യൽ ടിജി ആധാർ എൻറോൾമെന്റ് ക്യാമ്പ് കണ്ണൂരിൽ സംഘടിപ്പിച്ചു. സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ ആധാർ ക്യാമ്പാണിത്. കണ്ണൂർ കാൽടെക്സ് ജംഗ്ഷനിലെ അക്ഷയ കേന്ദ്രത്തിൽ ആധാർ കാർഡിലെ തിരുത്തലുകൾ, ബയോമെട്രിക് അപ്‌ഡേറ്റ് എന്നിവ സൗജന്യമായി നടത്തി. ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വരും ദിവസങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താനുള്ള ക്രമീകരണങ്ങൾ ചെയ്യും.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ട്രാൻസ് ജെൻഡർ ജസ്റ്റിസ് ബോർഡും സാമൂഹിക നീതി വകുപ്പും കേരള സംസ്ഥാന ഐടി മിഷന് കീഴിലെ അക്ഷയ പ്രോജക്ടും ചേർന്ന് ക്യാമ്പ് സംഘടിപ്പിച്ചത്. അസി. കലക്ടർ ഗ്രന്ഥ സായ്കഷ്ണ, ജില്ലാ സാമൂഹികനീതി ഓഫീസർ പി. ബിജു, ഐ ടി മിഷൻ ജില്ലാ പ്രൊജക്റ്റ് മാനേജർ സി.എം മിഥുൻ കൃഷ്ണ എന്നിവർ ക്യാമ്പിന്റെ ഏകോപനവും അക്ഷയ ബ്ലോക്ക് കോ ഓർഡിനേറ്റർ വി ബിജുമോൻ, അക്ഷയ സംരംഭകൻ വി.കെ ശ്രീജിത്ത് എന്നിവർ നേതൃത്വവും നൽകി.