വെസ്റ്റ് നൈൽ പനി: ജാഗ്രത പാലിക്കണം: ഡിഎംഒ; ചെങ്ങളായിയിൽ ആർആർടി യോഗം ചേർന്നു

0
വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത ചെങ്ങളായിയിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.സി സച്ചിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് സംഘം സന്ദർശനം നടത്തി. വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തി. പരിസര പ്രദേശങ്ങളിലെ വീട്ടുകാർക്ക് കൊതുക് കടി ഏൽക്കാതിരിക്കാനുള്ള നിർദേശങ്ങൾ നൽകി. പ്രദേശത്ത് നിലവിൽ പനി സർവ്വേ, എന്റേമോളോജിക്കൽ സർവേ എന്നിവ നടത്തിയിട്ടുണ്ട്. ഡിഎംഒ (ആരോഗ്യം) ഡോ.പീയുഷ് എം നമ്പൂതിരിപ്പാടിന്റ നിർദേശ പ്രകാരമായിരുന്നു സന്ദർശനം.
ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ.കെ ഷിനി, എപ്പിഡമിയോളജിസ്‌റ് ജി എസ് അഭിഷേക്, ബയോളജിസ്റ്റ് സി.പി രമേശൻ, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ടി. സുധീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
കൊതുക് നിവാരണ പ്രവർത്തനങ്ങളും  ബോധവൽക്കരണ നടപടികളും തീവ്രമാക്കാൻ പഞ്ചായത്തിൽ ചേർന്ന ആർ ആർ ടി യോഗം തീരുമാനിച്ചു.
ചെങ്ങളായി പഞ്ചായത്തിൽ  നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം.എം പ്രജോഷ്, പഞ്ചായത്ത് സെക്രട്ടറി മധു, ചെങ്ങളായി  മെഡിക്കൽ ഓഫീസർ,ഡോ. അഞ്ജു മിറിയം ജോൺ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എം. ദീപ്ന, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പി. മുഹമ്മദ് സയ്യിദ്, വെറ്ററിനറി മെഡിക്കൽ ഓഫീസർ ഡോ. നീതു, ഡിവിസി യൂണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ സി.വി സുരേഷ് ബാബു, ചെങ്ങളായി ഹെൽത്ത് ഇൻസ്പെക്ടർ കെ.ഒ പ്രസാദ്, എ.ജെ സജിമോൻ, ജെ.എച്ച് ഐ (ഗ്രേഡ്-1), നിജിൽ സിദ്ധാർഥൻ (ജെ എച്ച് ഐ ഗ്രേഡ്-2) എന്നിവർ പങ്കെടുത്തു.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല.

വെസ്റ്റ് നൈൽ വൈറസ് ആണ് രോഗകാരി. പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോൾ ആണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നില്ല. ക്യൂലക്‌സ് പെൺകൊതുകുകൾ ആണ് രോഗം പരത്തുക. രാത്രി കാലങ്ങളിലാണ് ഈ കൊതുകുകൾ കടിക്കുന്നത്. വീടിനോട് ചേർന്ന ഓടകൾ, മലിനജലം കെട്ടിക്കിടക്കുന്ന കുഴികൾ, മറ്റ് മലിനജല സ്രോതസുകൾ എന്നിവിടങ്ങളിലാണ് ഇവ മുട്ടയിട്ടു പെരുകുന്നത്. പൊതുവെ പക്ഷികളെയാണ് ഈ കൊതുകുകൾ കടിക്കുന്നത്. കാക്ക വർഗത്തിൽപ്പെട്ട പക്ഷികളിലാണ് വെസ്റ്റ് നൈൽ രോഗത്തിന് കാരണമാകുന്ന വൈറസിനെ കൂടുതലായി കാണുന്നത്. പക്ഷികളിൽ ഈ രോഗം മരണകാരണമാവുന്നു. പ്രദേശത്ത് പക്ഷികൾ, പ്രത്യേകിച്ച് കാക്കകളോ താറാവോ മറ്റ് പക്ഷികളോ അസ്വഭാവികമായി ചത്ത് വീഴുന്ന സാഹചര്യം ഉണ്ടെങ്കിൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണം.

രോഗ ലക്ഷണങ്ങൾ

ഭൂരിഭാഗം പേരിലും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാക്കില്ലെങ്കിലും പനി, ഓക്കാനം, പേശി വേദന, ഛർദി, തിണർപ്പ് എന്നിവ രോഗം ബാധിച്ചവരിൽ കാണപ്പെടുന്നു. ഒരു ശതമാനം പേരിൽ രോഗം തലച്ചോറിനെ ബാധിക്കുകയും ബോധക്ഷയം, ജെന്നി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, കാഴ്ച നഷ്ടപ്പെടൽ, പക്ഷാഘാതം എന്നിവ സംഭവിക്കുകയും മരണകാരണമാവുകയും  ചെയ്യുന്നുണ്ട്.

ഒരു പ്രദേശത്ത് വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത ശേഷം ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* കൊതുകടി ഏൽക്കാതിരിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട മാർഗം. പ്രത്യേകിച്ച് രാത്രികാലത്തുള്ള കൊതുകു കടി.
* കൊതുക്  കടി തടയുന്നതിനായി ലേപനങ്ങൾ പുരട്ടാം. ശരീരം മൂടും വിധമുള്ള വസ്ത്രങ്ങൾ ധരിക്കാം, ഉറങ്ങുമ്പോൾ കൊതുകു വല ഉപയോഗിക്കാം. കൊതുകുതിരി, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുകു നശീകരണ യന്ത്രങ്ങൾ എന്നിവ ഉപയോഗിക്കാം. ഏറ്റവും പ്രധാനമായുള്ളത് കൊതുകിന്റെ ഉറവിടങ്ങൾ മലിനസ്രോതസ്സുകൾ എന്നിവ നശിപ്പിക്കുക എന്നതാണ്.
* രോഗം പടരുന്നതിനെ കുറിച്ചും തടയേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും  കൃത്യമായ വിവരങ്ങൾ ചുരുങ്ങിയത് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ ജനങ്ങൾ മനസിലാക്കി പ്രവർത്തിക്കുക  പ്രധാനമാണ്. അതിനു ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ, എന്നിവർ മുൻകൈ എടുക്കേണ്ടതാണ്.
* രോഗ ലക്ഷണങ്ങൾ കണ്ടാൽ ശരിയായ ചികിത്സ തേടുക എന്നത് പ്രധാനമാണ്. സ്വയം ചികിത്സ ആപത്തു വിളിച്ച് വരുത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *