വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

കുടുംബശ്രീ സംയോജിത ഫാര്‍മിങ് ക്ലസ്റ്ററുകള്‍ ആരംഭിക്കും

കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക ഉപജീവന മേഖലയില്‍ ഫാര്‍മിങ് ക്ലസ്റ്റര്‍ പദ്ധതി ആരംഭിക്കുന്നു. കാര്‍ഷിക മേഖലയിലെ ഉല്‍പാദനക്ഷമതയും മൂല്യ വര്‍ധന സാധ്യതകളും വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് സ്ഥഥിരവരുമാനം ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക വിള ഉല്‍പാദനം, ലൈവ് സ്റ്റോക്‌സ്, മത്സ്യബന്ധനം, കാര്‍ഷിക സംരംഭങ്ങള്‍, കസ്റ്റം ഹയറിങ് സെന്റര്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ജില്ലയിലെ മാലൂര്‍, വയക്കര, ചെറുതാഴം, തില്ലങ്കേരി, കുറുമാത്തൂര്‍, പടിയൂര്‍ സിഡിഎസ് കളിലായി 300 കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ക്ലസ്റ്റര്‍ രൂപീകരിക്കുന്നത്. മൂന്ന് വര്‍ഷം കാലാവധിയില്‍ 40 ലക്ഷം രൂപ ഓരോ ക്ലസ്റ്ററുകള്‍ക്കും അനുവദിക്കും. കൃഷിയില്‍ നിന്നുള്ള മികച്ച ഉത്പാദനം കണ്ടെത്തി മൂല്യ വര്‍ധന സാധ്യത പ്രയോജനപ്പെടുത്തുന്ന ഗ്രേഡിങ്, പ്രോസസ്സിംഗ്, സോര്‍ട്ടിങ്, ബ്രാന്‍ഡിംഗ് ചെയ്ത് ഐ എഫ് സി സെന്ററുകള്‍ സ്ഥാപിച്ച് വിപണനവും നടത്തും.

 

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാപഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ വനിതകളുടെ കോഫീ കിയോസ്‌ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയവരായിരിക്കണം. ഏറ്റവും കുറഞ്ഞത് രണ്ട് വനിതകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. സ്വന്തമായി കെട്ടിട സൗകര്യമുള്ള സ്‌കൂളുകളില്‍ പരമാവധി 50000 രൂപ, കിയോസ്‌ക്ക് സ്ഥാപിക്കേണ്ട സ്‌കൂളുകളില്‍ രണ്ടരലക്ഷം രൂപ എന്നിങ്ങനെ സബ്‌സിഡിയായി അനുവദിക്കും. കഫേ സ്ഥാപിക്കാനുള്ള  അനുമതി പത്രം ഉള്‍പ്പെടെ അപേക്ഷയില്‍ ഉണ്ടായിരിക്കണം.  ജില്ലാപഞ്ചായത്ത് അംഗീകരിച്ചു നല്‍കുന്ന നിശ്ചിത മാതൃകയില്‍ തന്നെയായിരിക്കണം കഫേ നിര്‍മ്മിക്കേണ്ടത്. അതാത് ഗ്രാമപഞ്ചായത്ത്/സി ഡി എസിന്റെ ശുപാര്‍ശയോടെ സമര്‍പ്പിക്കുന്ന അപേക്ഷ മാത്രമേ പരിഗണിക്കൂ. അപേക്ഷ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷകള്‍ നവംബര്‍ 30 നകം കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0497 2702080.

ഡോക്ടര്‍ നിയമനം

ചിറക്കല്‍ കുടുംബാരോഗ്യ കേന്ദ്രം സായാഹ്ന ഒപി യിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍  നവംബര്‍ ഏഴിന് രാവിലെ 10 ന് നിശ്ചിത യോഗ്യതയുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചിറക്കല്‍ എഫ്.എച്ച്.സി യില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0497 2777280.

വിമുക്തഭട ബോധവത്കരണ സെമിനാര്‍

കണ്ണൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ഒക്ടോബര്‍ 26 ന് രാവിലെ 10.30 ന് പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ സ്വാമി ആനന്ദ തീര്‍ത്ഥ ഓഡിറ്റോറിയത്തിൽ ബോധവത്കരണ സെമിനാര്‍ നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0497 2700069

കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സിഡിറ്റിന്റെ കണ്ണൂര്‍ ജില്ലാ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡിസിഎ), ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്(ടാലി), ഡി.ടി.പി, എം.എസ് ഓഫീസ്, പൈത്തണ്‍, സി പ്രോഗ്രാമിങ്ങ് കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി മിനിമം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് താഴെ ചൊവ്വ സി- ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍ : 9947763222

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിലുള്ള പാട്യം – ചെറുവാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടിന്റെ അന്തേവാസികളുടെ ആവശ്യത്തിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കരാറുകാര്‍/ഏജന്‍സികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 29 ന് രാവിലെ 11.30 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഡി.എം.എച്ച്.പി യുടെ ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

 

പുസ്തകോത്സവം ഒക്ടോബര്‍ 25 മുതല്‍ 28 വരെ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പതിനെട്ടാമത് പുസ്തകോത്സവം ഒക്ടോബര്‍ 25 മുതല്‍ 28 വരെ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കുമെന്ന് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. കളക്ടറേറ്റ് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ ഒക്ടോബർ 25 ന് വൈകുന്നേരം മൂന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.വി.ശിവദാസന്‍ എം.പി. അധ്യക്ഷത വഹിക്കും. കഥാകൃത്ത്  ടി. പത്മനാഭന്‍ വിശിഷ്ടാതിഥിയാവും. മേയര്‍ മുസ്ലീഹ് മഠത്തില്‍, എം.എല്‍.എമാരായ കെ വി സുമേഷ്, കെ.പി. മോഹനന്‍,  ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.കെ. രത്‌നകുമാരി, പീപ്പിള്‍സ് മിഷന്‍ കണ്‍വീനര്‍ ടി.കെ. ഗോവിന്ദന്‍  മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. തായാട്ട് ശങ്കരന്‍ ജന്മ ശതാബ്ദി അനുസ്മരണം ഡോ. കെ.പി.മോഹനന്‍ നടത്തും. കൂത്തുപറമ്പ് കാലാ നിലയത്തിന്റെ ‘മഞ്ജതര’ സ്വാഗതസംഗീത ശില്പം, തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അവതരിപ്പിക്കുന്ന നൃത്തവിരുന്ന് എന്നിവ അരങ്ങേറും.ഒക്ടോബര്‍ 26ന് രാവിലെ 11 ന് കഥാപ്രസംഗ കലയുടെ 100-ാം വാര്‍ഷികം പ്രമാണിച്ച് ‘കാഥികസംഗമം’ നടക്കും. പ്രൊഫ. വി. ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മുപ്പതോളം കാഥികര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം മൂന്നിന് ‘കുമാരനാശാന്‍ ചരമ ശതാബ്ദി വര്‍ഷം ഡോ. എം.എ. സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ. എം.വി. ജയരാജന്‍ മുഖ്യാതിഥിയാവും. തുടര്‍ന്ന് പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഒരുക്കുന്ന ‘ജാലകം’ സംഗീത ശില്പം അരങ്ങേറും.

ഒക്ടോബര്‍ 27 ന് രാവിലെ 9.30 ന് ഗ്രന്ഥാലോകം 75-ാം വാര്‍ഷിക സ്‌പെഷ്യല്‍ പതിപ്പിന്റെ പ്രകാശനം ഗ്രന്ഥാലോകം പത്രാധിപര്‍ പി.വി.കെ. പനയാല്‍ പ്രനിര്‍വ്വഹിക്കും. ഇ.പി.രാജഗോപാലന്‍ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്നിന് ‘സാഹിത്യ-കല-സമൂഹം’ – യുവപ്രതിഭാസംഗമം എസ്. സിത്താര  ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇരിട്ടി താലൂക്ക് അവതരിപ്പിക്കുന്ന നാടന്‍പാട്ട് ‘വലന്താളം’ നടക്കും.

ഒക്ടോബര്‍ 28ന് രാവിലെ 10.30ന് സമാപനസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.മുകുന്ദന്‍ മുഖ്യാതിഥിയാവും. ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍, സിന്‍ഡിക്കേറ്റ് അംഗം എന്‍.സുകന്യ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കരിവെള്ളൂര്‍ മുരളി തോപ്പില്‍ഭാസി അനുസ്മരണ പ്രഭാഷണം നടത്തും.  ഇ.എം.അഷറഫ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ച, കേരള സര്‍ക്കറിന്റെ മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ എം.മുകുന്ദന്‍ അഭിനയിച്ച ‘ബോണ്‍ഴൂര്‍ മയ്യഴി’ എന്ന ഷോര്‍ട്ട്ഫിലിമും കലാപരിപാടിയും അരങ്ങേറും.

ഒക്ടോബര്‍ 25 ന് രാവിലെ ഒന്‍പത് മുതല്‍ പുസ്തക വില്‍പ്പന ആരംഭിക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എഴുപതിലേറെ പ്രസാധകര്‍, ആയിരത്തി ഇരുന്നൂറോളം ഗ്രന്ഥശാലകള്‍, ആയിരക്കണക്കിന് പുസ്‌തക പ്രേമികള്‍ എന്നിവർ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ സാഹിത്യ-സാംസ്‌കാരിക സദസ്സുകളും അരങ്ങേറും. 13 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ രത്‌നകുമാരി പുസ്തകോത്സവം ബ്രോഷര്‍ പ്രകാശനം ചെയ്തു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, സെക്രട്ടറി പി.കെ വിജയന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.കെ രമേശ് കുമാര്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ പത്മനാഭന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി.കെ പ്രകാശിനി, വൈസ് പ്രസിഡന്റ് ടി പ്രകാശന്‍, ജില്ലാ കൗണ്‍സില്‍ അംഗം പി.ജനാര്‍ദ്ദനന്‍, പ്രസ് ക്ലബ് പ്രസിഡന്റ് സി.സുനില്‍കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെ.ടി.ശശി തുടങ്ങിയവര്‍ വർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ബസ് സ്റ്റാന്‍ഡുകളുടെ ശുചിത്വം; അവസ്ഥാ പഠനം നടത്തും

ജില്ലയിലെ ബസ് സ്റ്റാന്‍ഡുകളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സംബന്ധിച്ച് അവസ്ഥാ പഠനം സംഘടിപ്പിക്കുമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷനും ശുചിത്വമിഷനും ചേര്‍ന്നാണ് ഒക്ടോബര്‍ മൂന്നാം വാരത്തില്‍ അവസ്ഥാ പഠനം സംഘടിപ്പിക്കുന്നത്. മൂന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളും 30 തദ്ദേശ ഭരണ സ്ഥാപന ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡുകളുമാണ് ജില്ലയിലുള്ളത്. ഇവയുടെ ശുചിത്വ – മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, പരിപാലനം, ബസ് സ്റ്റാന്‍ഡ് സൗന്ദര്യ വല്‍ക്കരണം തുടങ്ങിയവയാണ് അവസ്ഥാ പഠനത്തില്‍ ഉള്‍പ്പെടുക. മാര്‍ച്ച് 30 നകം ജില്ലയിലെ മുഴുവന്‍ ബസ് സ്റ്റാന്‍ഡുകളും ഹരിത ബസ് സ്റ്റാന്‍ഡുകളാക്കാന്‍ ലക്ഷ്യമിട്ടാണിത്.

കോളേജുകളില്‍ രൂപീകരിച്ച ഗ്രീന്‍ ബ്രിഗേഡ് ടീമുകളെയും എന്‍.എസ്.എസ് ടീമുകളെയും ഉപയോഗപ്പെടുത്തിയാണ് അവസ്ഥാ പഠനം നടത്തുക. ഒരാഴ്ചക്കകം പഠനം പൂര്‍ത്തിയാക്കി റിപ്പോട്ട് അതത് ബസ് സ്റ്റാന്‍ഡുകളുടെ ഉടമസ്ഥരായ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും കെ.എസ്.ആര്‍.ടി സിക്കും കൈമാറും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും കെ.എസ് ആര്‍.ടി.സിയും നടത്തും.

കുടിവെളള വിതരണത്തില്‍ നിയന്ത്രണം

അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെളള പദ്ധതിയുടെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, കതിരൂര്‍ പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലുള്ള ചേലോറ സോണിലും അടുത്ത രണ്ടാഴ്ച കാലയളവില്‍ കുടിവെളള വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.  ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജല ജീവന്‍ മിഷന്‍ പ്രവൃത്തിയുടെ ഭാഗമായി പഴശ്ശി അണക്കെട്ടിലുളള ജല നിരപ്പ് താഴ്ത്തി നിര്‍ത്തേണ്ടി വന്ന സാഹചര്യമുള്ളതിനാല്‍ അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങില്‍ കുറവ് വരുന്നതിനാലാണ് നിയന്ത്രണം. ഫോണ്‍: 0497 2828586

സത്യവാങ്മൂലം നല്‍കണം

സര്‍ക്കസ് പെന്‍ഷന്‍ ലഭ്യമാകുന്നതിനായി ഗുണഭോക്താക്കള്‍ ഇ പി എഫ് പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്/ഇല്ല എന്നുള്ള സത്യവാങ്മൂലം നല്‍കണം. ഇതിനായി ആധാര്‍ കാര്‍ഡ്, സര്‍ക്കസ് പെന്‍ഷന്‍ അനുവദിച്ച ഉത്തരവ്, 2024-2025 സാമ്പത്തിക വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാത്തവര്‍ ബന്ധപ്പെട്ട വില്ലേജില്‍ ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍ 0497 2700645

ജില്ലാ വികസന സമിതി യോഗം 26 ന്

ഒക്ടോബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം 26 ന് ശനി രാവിലെ 11 ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *