ഫാർമസി അന്താരാഷ്ട്ര സിമ്പോസിയം നടത്തി
കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും (കെഎസ്പിസി) അസോസിയേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ ടീച്ചേഴ്‌സ് ഓഫ് ഇന്ത്യയും (എപിടിഐ) സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര ശാസ്ത്രീയ സിമ്പോസിയം കണ്ണൂർ നായനാർ അക്കാദമിയിൽ നിയമസഭാ സ്പീക്കർ അഡ്വ. എഎൻ ഷംസീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ വലിയ രീതിയിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബി ഫാം മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾ സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ മുന്നോട്ട് വരണം. അധ്യാപകർ വിദ്യാർഥികൾക്ക് ഇതിന് പരിശീലനം നൽകണം. ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ പ്രവർത്തിക്കുന്നവർ മരുന്നുകളിലെ വ്യാജൻമാരെ തിരിച്ചറിയണമെന്നും സ്വാധീനത്തിന് വിധേയരാകാതെ മനുഷ്യപക്ഷത്ത് നിന്ന് ചിന്തിക്കണമെന്നും സ്പീക്കർ പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ മുൻ എംഎൽഎ എം വി ജയരാജൻ അധ്യക്ഷത വഹിച്ചു.
കെഎസ്പിസി പ്രസിഡന്റ് ഒ സി നവീൻചന്ദ്, ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് മോണ്ടുകുമാർ എം പട്ടേൽ, ഡോ. മിലിന്ദ് ജെ ഉമേക്കർ, ഡോ. എം വെങ്കട രമണ, എ പി ടി ഐ സെക്രട്ടറി ഡോ. ആർ പ്രവീൺ രാജ് എന്നിവർ സംസാരിച്ചു.
ഫാർമസി മേഖലയുടെ പ്രാധാന്യം വിളിച്ചോതുന്ന ഏകദിന അന്താരാഷ്ട്ര സിമ്പോസിയമാണ് കണ്ണൂരിൽ നടന്നത്. മരുന്ന് നിർമാണം മുതൽ വിതരണം വരെയുള്ള ഘട്ടങ്ങളിലും ആരോഗ്യ മേഖലയിലും പൊതുജന ആരോഗ്യ പരിപാലനത്തിലും ഫാർമസിസ്റ്റുകളുടെ പങ്കും അവരുടെ സേവനത്തിന്റെ ആവശ്യകതയും സിമ്പോസിയം ചർച്ച ചെയ്തു.
ആധുനിക വൈദ്യശാസ്ത്ര മുന്നേറ്റങ്ങൾ, മരുന്ന് നിർമാണ രംഗത്തെ പുത്തൻ ചുവടുവെപ്പുകൾ, നാനോടെക്‌നോളോജി എന്നിവയിൽ ക്ലാസുകൾ നടന്നു. ഫാർമസി കോളേജ് അധ്യാപകരും വിദ്യാർഥികളും വർക്കിംഗ് ഫാർമസിസ്റ്റുമാരും ഉൾപ്പെടെ 1500ഓളം പേർ പങ്കെടുത്തു.