പരമ്പരാഗത ക്ലാസ് റൂം അനുഭവങ്ങൾക്കപ്പുറമാണ് വിദ്യാഭ്യാസം: മന്ത്രി വി ശിവൻകുട്ടി
പരമ്പരാഗത ക്ലാസ് റൂം അനുഭവങ്ങൾക്കപ്പുറമാണ് വിദ്യാഭ്യാസമെന്ന് നമ്മുടെ സർക്കാർ തിരിച്ചറിയുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചെറുവാച്ചേരി ഗവ. എൽപി സ്‌കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തുടക്കം മുതൽ തന്നെ കേരളം വിദ്യാഭ്യാസത്തിന് ഉയർന്ന മുൻഗണന നൽകുന്നു, ഈ പ്രതിബദ്ധത സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളിലുള്ള നമ്മുടെ നിക്ഷേപത്തിൽ പ്രതിഫലിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
എം വിജിൻ എംഎൽഎ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എൻജിനീയർ സി സവിത റിപ്പോർട്ട് അവതരിപ്പിച്ചു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി സുലജ, വൈസ് പ്രസിഡന്റ് കെ മോഹനൻ, തളിപ്പറമ്പ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ സിഐ വത്സല, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ എൻ കാർത്യായനി, ഗ്രാമപഞ്ചായത്തംഗം പി വി ഷൈന, സെക്രട്ടറി ടി ഷിബുകരുൺ, പിടിഎ പ്രസിഡൻറ് ഇവി കൃഷ്ണൻ, മദർ പിടിഎ പ്രസിഡൻറ് ശിൽപ സിവി, പ്രധാനധ്യാപിക സുനന്ദ, ഇപി ബാലകൃഷ്ണൻ, എ രാജലക്ഷ്മി, ടിവി ചന്ദ്രൻ, കെകെപി ബാലകൃഷ്ണൻ, പിടി ഗോവിന്ദൻ നമ്പ്യാർ, ടി രാജൻ, ആലിക്കുഞ്ഞി എന്നിവർ സംസാരിച്ചു.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ചെറുവച്ചേരി ഗവ എൽ പി സ്‌കൂളിനു വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ രണ്ടു നിലകളിലായി 347.77 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പൂർത്തീകരിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ നാല് ക്ലാസ് മുറികളും സ്റ്റെയറും ഒന്നാം നിലയിൽ ഒരു ക്ലാസ് മുറിയും അനുബന്ധ സ്റ്റെയർ റൂമും നിർമ്മിച്ചിട്ടുണ്ട്.