യഹ്‌യ സിൻവാര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹമാസ്
യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. ഗാസയില്‍ ഇസ്രയേല്‍ സൈന്യത്താല്‍ യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് സ്ഥരീകരിച്ചു. ഹമാസ് വക്താവ് ഖാലീല്‍ ഹയ്യയാണ് വാര്‍ത്താസമ്മേളനത്തില്‍ വിവരം അറിയിച്ചത്. ഗാസയില്‍ യുദ്ധം അവസാനിക്കുന്നത് വരെ ബന്ദികളെ വിട്ടയക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.
‘യഹ്‌യ സിന്‍വാര്‍, മഹാനായ നേതാവിന്, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു’, എന്നാണ് അല്‍ ജസീറയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ഖലീല്‍ അറിയിച്ചത്. ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുന്നത് വരെ ബന്ദികളെ വിട്ടയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ യഹ്‌യ സിന്‍വാര്‍ കൊല്ലെപ്പെട്ടെന്നായിരുന്നു ഇസ്രയേല്‍ നേരത്തെ പ്രഖ്യാപിച്ചത്. ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് യഹ്‌യ കൊല്ലപ്പെട്ടതെന്നും ഡിഎന്‍എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് യഹ്‌യ തന്നെയെന്ന് സ്ഥിരീകരിച്ചതായും ഇസ്രയേല്‍ ഡിഫന്‍സ് അറിയിച്ചിരുന്നു.
യഹ്‌യയുടെ മരണം നേട്ടമെന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി പറഞ്ഞത്. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഹമാസ് ആയുധം ഉപേക്ഷിച്ച് മടങ്ങാന്‍ തയ്യാറായാല്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കുമെന്നായിരുന്നു പറഞ്ഞത്.