നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം; ടി.വി പ്രശാന്തന്റെ മൊഴിയെടുത്തു
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴിയെടുത്ത് പൊലീസ്. കണ്ണൂർ ടൗൺ പൊലീസാണ് പ്രശാന്തന്റെ മൊഴിയെടുത്തത്. പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്തത്.
ശ്രീകണ്ഠപുരം നെടുവാലൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പെട്രോൾപമ്പ് തുടങ്ങാനാണ് പ്രശാന്തൻ അപേക്ഷ സമർപ്പിച്ചത്. എൻഒസി ലഭിക്കാണമെങ്കിൽ കൈക്കൂലി നൽകണമെന്ന് നവീൻ ബാബു ആവശ്യപ്പെട്ടതായാണ് ആരോപണം. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജീവനക്കാരനാണ് പ്രശാന്തൻ.
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കപ്പെടാതെയെത്തിയ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയിൽ ഈ രീതിയിൽ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു.
രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിമർശനങ്ങൾ ശക്തമായതോടെ പി പി ദിവ്യക്ക് സംരക്ഷണമൊരുക്കാൻ സിപിഐഎം ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് പുറത്താക്കുകയായിരുന്നു. തന്റെ പരാമർശങ്ങൾ ദുരുദ്ദേശപരമായിരുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നുമായിരുന്നു രാജിക്ക് പിന്നാലെ പി പി ദിവ്യയുടെ പ്രതികരണം.