എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധം: മന്ത്രി വി ശിവൻകുട്ടി
അരോളി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ലിംഗഭേദമോ ജാതിയോ മതമോ കഴിവോ പരിഗണിക്കാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി പറഞ്ഞു. സ്‌പോർട്‌സ്, കല, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിലൂടെ സ്‌കൂളുകൾ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നു. കായിക വിദ്യാഭ്യാസത്തിനും കളരിപ്പയറ്റ് പോലുള്ള പരമ്പരാഗത ആചാരങ്ങൾക്കും കേരളം നൽകിയ ഊന്നൽ വിദ്യാർഥികളെ അച്ചടക്കവും പ്രതിരോധശേഷിയും ശക്തമായ സാംസ്‌കാരിക അഭിമാനവും വളർത്തിയെടുക്കാൻ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി വിദ്യാർഥികൾക്ക് അവരുടെ സമപ്രായക്കാർക്ക് തുല്യമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക പ്രോഗ്രാമുകളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സുമേഷ് എം എൽ എ നിവേദനം നൽകിയതിനെതുടർന്ന് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയാണ് അരോളി ഗവ: ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടത്തിനു അനുവദിച്ചത്.
പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ, സ്ഥിരം സമിതി അധ്യക്ഷ കെ ശോഭന, കണ്ണൂർ പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, കണ്ണൂർ ആർ ഡി ഡി ആർ. രാജേഷ് കുമാർ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഇ.സി വിനോദ്, വിദ്യകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ, കെ പ്രകാശൻ, കെ നാരായണൻ, ടി അജയൻ, എൽ.വി മുഹമ്മദ്, ആർ രേഖ, എം.കെ സുനന്ദ്, കെ.വി അരുണ, കെ.സി മഹേഷ്, എം മനോജ് കുമാർ, കെ.വി അശോകൻ എന്നിവർ സംസാരിച്ചു.