വയനാട്ടില്‍ സത്യന് മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി സിപിഐ സ്ഥാനാർത്ഥി. സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയായി നിർദേശിച്ചത്. ഇത് രണ്ടാം തവണയാണ് സത്യൻ മൊകേരി പാർലമെന്റിലേക്ക് മത്സരിക്കുന്നത്. ഇതിന് മുൻപ് 2014 ലായിരുന്നു അദ്ദേഹം വയനാട്ടിൽ നിന്ന് മത്സരിക്കുന്നത്. ഏതാണ്ട് ഇരുപതിനായിരം വോട്ടുകൾക്കായിരുന്നു അദ്ദേഹം അവിടെ പരാജയപ്പെട്ടത്.
സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.വയനാട് മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന നാല് ജില്ലാ ഘടകങ്ങളും നൽകിയ പട്ടിക അടിസ്ഥാനമാക്കിയായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവിലെ ചർച്ച. ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, AlYF നേതാവ് ടി ടി ജിസ്മോൻ, മഹിളാ ഫെഡറേഷൻ നേതാക്കളായ പി. വസന്തം, ഇ.എസ് ബിജിമോൾ എന്നീ പേരുകളാണ് ജില്ലകളുടെ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ മണ്ഡലത്തിൽ സുപരിചതൻ , രാഷ്ട്രീയ മത്സരം കാഴ്ചവെക്കാൻ അനുയോജ്യൻ എന്നീ ഘടകങ്ങൾ പരിഗണിച്ച് സത്യൻ മൊകേരിയെ തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു.
പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താൻ ഉതകുന്നയാൾ എന്ന നിലയിലാണ് സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. എതിർ സ്ഥാനാർത്ഥി പ്രിയങ്ക ആയതിനാൽ പ്രതിബന്ധമായി കാണുന്നില്ലെന്നും ഇന്ദിരാഗാന്ധി വരെ തിരഞ്ഞെടുപ്പിൽ പരാജയപെട്ടിട്ടുണ്ടെന്നും സത്യൻ മൊകേരി പ്രതികരിച്ചു.
പാർട്ടി തീരുമാനിച്ചാൽ അത് അനുസരിക്കുകയാണ് വേണ്ടത് അത് തന്നെയാണ് താനും ഇവിടെ ചെയ്തത്. പാർട്ടി തീരുമാനം എടുത്തത് മുതൽ അത് പൂർണമായും വിജയിപ്പിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വം. തിരഞ്ഞെടുപ്പ് പ്രചാരണം മറ്റന്നാൾ മുതൽ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.