കുടുംബശ്രീ ബാങ്ക് മാനേജർമാരുടെ ബ്ലോക്ക് തല യോഗം നടത്തി
കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ എടക്കാട്, കണ്ണൂർ ബ്ലോക്കുകളിലെ ബാങ്ക് മാനേജർമാരുടെ ബ്ലോക്ക് തല പരിശീലനം കണ്ണൂരിൽ സംഘടിപ്പിച്ചു. കുടുംബശ്രീ പ്രവർത്തനങ്ങൾ സംബന്ധിച്ച് ബാങ്ക് മാനേജർമാരെ ബോധവത്കരിക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിട്ടത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, എഡിഎസ്, സിഡിഎസ് എന്നിവ ആശ്രയിക്കുന്ന ബാങ്ക് മാനേജർമാരെ കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന ഫിനാൻഷ്യൽ പ്രവർത്തനങ്ങൾ പരിച്ചയപ്പെടുത്തി. ബാങ്ക് ലോണുകൾ, ഇൻഷുറൻസ് സ്കീമുകൾ, ലിങ്കേജ് ലോണുകൾ എന്നിവയുടെ സംയോജന സാധ്യതകൾ ബാങ്ക് മാനേജർമാരുമായി ചർച്ച ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർമാർ, അർബൻ മിഷൻ സ്റ്റാഫുകൾ തുടങ്ങിയവർ ക്ലാസെടുത്തു. ദേശസാൽകൃത ബാങ്ക്, സഹകരണ ബാങ്ക് ഉൾപ്പെടെ 120 ബാങ്ക് മാനേജർമാർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ ഉദ്ഘാടനം ചെയ്തു. അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ വിജിത്ത് അധ്യക്ഷനായി. കാനറ ബാങ്ക് റീജിയണൽ ഓഫീസർ കെ അനിൽകുമാർ, അസി. ജില്ലാ മിഷൻ കോഓർഡിനേറ്റർ ഒ ദീപ, ജില്ല പ്രോഗ്രാം മാനേജർ ജിബിൻ സ്കറിയ, കെ എൻ നൈൽ എന്നിവർ സംസാരിച്ചു.