സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: ജില്ലാ തല ഉദ്ഘാടനം നടത്തി

0

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു. അടിസ്ഥാന വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വിവിധ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് അവർ പറഞ്ഞു.

ഡിപിസി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു.
ഉന്നത വിദ്യാഭ്യാസം: കോഴ്സുകൾ സാധ്യതകൾ എന്ന വിഷയത്തിൽ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജ് അസോസിയേറ്റ് പ്രൊഫസർ ഡോ. യു സജേഷ് കുമാർ, സിവിൽ സർവീസ് പരീക്ഷ: അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ കല്ല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി ജില്ലാ കോ ഓർഡിനേറ്റർ കെ ശിവകുമാർ, അതിക്രമം തടയൽ നിയമം എന്ന വിഷയത്തിൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ അജിത്ത് കുമാർ എന്നിവർ ക്ലാസെടുത്തു.


ജില്ലാ പഞ്ചായത്ത് അംഗം എൻ.പി ശ്രീധരൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ മനോഹരൻ, ജില്ലാ ഉപദേശക സമിതി അംഗം കെ ജനാർദനൻ, കണ്ണൂർ ഐടിഡിപി എപിഒ കെ ബിന്ദു എന്നിവർ സംസാരിച്ചു.

ഒക്ടോബർ 16 വരെ വിപുലമായ രീതിയിലാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം നടത്തുന്നത്. ‘മാറുന്ന ലോകത്തിനൊപ്പം മുന്നേറാം നമുക്കൊന്നായ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷത്തെ പരിപാടികൾ. പൂർത്തിയാക്കിയ പദ്ധതികളുടെയും പ്രവൃത്തി ആരംഭിക്കുന്നതിന്റെയും ഉദ്ഘാടനം, സംരംഭകത്വ സെമിനാറുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, തൊഴിൽ മേളകൾ, ഊരുകൂട്ടങ്ങൾ, ലഹരി വിരുദ്ധ പ്രചരണം, അതിക്രമങ്ങൾക്കെതിരായ പ്രചാരണം തുടങ്ങിയ പരിപാടികൾ നടത്തുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *