സ്‌കൂൾ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

0
കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിൽ വാർഷിക പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പ്രസിഡൻറ് പി പി ദിവ്യ ആവശ്യപ്പെട്ടു. സ്‌കൂളുകൾക്ക് ഓരോ വർഷവും ലഭ്യമാകുന്ന തുകകൾ അതായത് വർഷം ചെലവഴിക്കണം. സ്പിൽ ഓവർ പദ്ധതികൾ ജനുവരി 31 നകം പൂർത്തിയാക്കണമെന്നും ജില്ലാ പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത് അവർ പറഞ്ഞു.
സ്‌കൂൾ പ്രിൻസിപ്പൽ, എച്ച്.എം, എ.ഇ തുടങ്ങിയവർ ആലോചന നടത്തി മുൻഗണന നിശ്ചയിച്ച് പദ്ധതികൾ പൂർത്തിയാക്കണം. സാങ്കേതിക പ്രശ്നങ്ങൾ കൂട്ടായി പരിഹരിക്കണം. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ സ്‌കൂളുകളിൽ നല്ല മാറ്റമുണ്ട്. മലയോര മേഖലയിലെ സ്‌കൂളുകൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. സ്‌കൂൾ കഫേകൾ കൂടുതൽ സകൂളുകളിലേക്ക് വ്യാപിപ്പിക്കും. നിലവിലുള്ള സ്‌കൂൾ കഫേകൾ കൃത്യമായി വിലയിരുത്തണം. ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ഉൾപ്പെടുത്തി ചർച്ച നടത്തണം. സോളാർ പദ്ധതി നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങൾ ജില്ലാ പഞ്ചായത്ത് അംഗങ്ങളെ അറിയിക്കണം. പദ്ധതി സ്‌കൂളുകളിൽ ഫലപ്രദമായി നടക്കുന്നുണ്ടെന്നും നിർമ്മാണം പൂർത്തീകരിച്ച ടോയ്‌ലറ്റുകൾ ഉദ്ഘാടനത്തിന് മുമ്പ് തന്നെ തുറന്നു കൊടുക്കാവുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു.

സ്‌കൂളുകളിലെ ക്രമസമാധാന പ്രശ്നങ്ങളിൽ പോലീസിന്റെ സേവനം ആവശ്യപ്പെട്ടാൽ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് അഡീഷണൽ എസ്.പി വേണുഗോപാൽ പറഞ്ഞു. റാഗിങ്, ലഹരി ഉപയോഗം തുടങ്ങിയവ ഉണ്ടായാൽ പോലീസിനെ അറിയിക്കാൻ മടിക്കരുത്. ഇത് സ്‌കൂളുകളിൽ വലിയ അളവിൽ മാറ്റം ഉണ്ടാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നടപ്പാക്കുന്ന സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ നല്ല രീതിയിൽ പ്രവർത്തിക്കണം. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളായി മാറണമെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ പറഞ്ഞു. നവംബർ ഒന്നിന് സ്‌കൂളുകളിൽ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തണം.
സ്‌കൂളുകളിൽ സ്മൈൽ പ്രോജക്ട് ഒരുക്കങ്ങൾ എത്രയും വേഗം നടത്തണമെന്ന് കണ്ണൂർ ഡിഡിഇ ബാബു മഹേശ്വരി പ്രസാദ് പറഞ്ഞു. കുട്ടികളിൽ അനാവശ്യ മത്സരം വളർത്തിയെടുക്കാൻ അവസരമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്റേണൽ കംപ്ലയ്ന്റ് കമ്മിറ്റികൾ സ്‌കൂളുകളിൽ നിർബന്ധമാക്കണം. അക്കാദമിക വർഷം തീരും മുമ്പേ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്, ലഹരി ഉപയോഗം എന്നിവയുടെ അനന്തരഫലം മനസ്സിലാക്കി കൊടുക്കാൻ ക്ലാസുകൾ നൽകണം. ഇതിനു പോലീസിന്റെ സഹായം തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എം ജാൻസി പദ്ധതി അവലോകനം ചെയ്തു. സ്‌കൂളുകളിൽ നടപ്പാക്കുന്ന സ്‌കൂൾ പദ്ധതികൾ സംബന്ധിച്ച് അധികൃതർ വിശദീകരണം. നൽകി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. കെ.കെ രത്നകുമാരി, യു.പി ശോഭ, വി.കെ സുരേഷ് ബാബു, അഡ്വ. ടി.സരള, കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.വി മുകുന്ദൻ, വിവിധ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, പിടിഎ പ്രതിനിധികൾ, അസിസ്റ്റന്റ് എഞ്ചിനിയർമാർ, തുടങ്ങിയവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *