മാഹിപള്ളി തിരുനാളിന്റെ ഭാഗമായി പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി
മാഹി സെന്റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിലെ തിരുനാളിന്റെ ഭാഗമായി മാഹി പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ അറിയിച്ചു.ഒക്ടോബർ 14,15 തീയതികളിൽ ആയിട്ടാണ് പ്രധാന തിരുനാൾ ചടങ്ങുകൾ നടക്കുന്നത്. 15നാണ് പൂർണ്ണദണ്ഡ വിമോചന ദിനം. അന്ന് പുലർച്ചെ ഒരുമണി മുതൽ 6 മണി വരെയാണ് ശയനപ്രദക്ഷിണം നടക്കുന്നത്. ഒക്ടോബർ 22 ാം തീയതിയോടെ തിരുനാൾ മഹോത്സവത്തിന്റെ ചടങ്ങുകൾക്ക് കൊടിയിറങ്ങും. തിരുനാളിന്റെ പ്രധാന ദിനങ്ങളായ ഇന്നും,നാളെയും തലശ്ശേരി ഭാഗത്തുനിന്നു വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുകൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് പോകണം.
വടകര ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മാഹി ഗവ. ഹോസ്പിറ്റൽ ജങ്ഷനിൽനിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലീസ് സ്റ്റേഷന് മുൻവശത്ത് കൂടി കടന്ന് മാഹിപ്പാലം ഭാഗത്തേക്ക് പോകണം. മെയിൻ റോഡിൽ സെമിത്തേരി റോഡ് ജങ്ഷൻ മുതൽ ഗവ. ആശുപത്രി ജങ്ഷൻ വരെയും വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ല. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിന്റെ തെക്കുവശം, ഗവ. ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം എന്നിവ ഉപയോഗിക്കാം.