റൂം നൽകിയില്ല; റസ്റ്റ്ഹൗസിനു മുന്നിൽ പ്രതിഷേധവുമായി പി.വി.അൻവർ
യോഗം ചേരാൻ റൂം നൽകിയില്ലെന്ന് ആരോപിച്ച് പത്തടിപ്പാലം പിഡബ്ല്യൂടി റസ്റ്റ്ഹൗസിനു മുന്നിൽ പ്രതിഷേധവുമായി പി.വി.അൻവർ എംഎൽഎ. രാഷ്ട്രീയ യോഗം ചേരാൻ റൂം അനുവദിക്കാൻ കഴിയില്ലെന്ന് റസ്റ്റ്ഹൗസ് അധികൃതർ പറഞ്ഞു. എന്നാൽ ഡിഎംകെ എന്ന സോഷ്യൽ സംഘടനയ്ക്ക് യോഗം ചേരാൻ റൂം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെയിൽ അയച്ചിരുന്നതായി അൻവർ പറഞ്ഞു. രാഷ്ട്രീയ യോഗമല്ലെന്നും സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗമാണെന്നും ചൂണ്ടിക്കാട്ടി വീണ്ടും കത്ത് നല്കി. എന്നാല്‍ അതിന് മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ ഫോണ്‍ കട്ട് ചെയ്തു. ബുക്കിംഗ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അനുമതി നല്‍കേണ്ടെന്ന നിര്‍ദേശമുണ്ടെന്ന് അറിയിച്ചെന്ന് അന്‍വര്‍ പറഞ്ഞു.
എന്നാൽ ആളുകൾ എത്തിയപ്പോൾ റൂം നൽകാൻ റസ്റ്റ് ഹൗസ് അധികൃതർ തയാറായില്ലെന്നും എംഎൽഎ പറഞ്ഞു. തുടർന്ന് അൻവറിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം ചേരാനാണ് തീരുമാനം. പൊതുമരാമത്ത് മന്ത്രി റിയാസിന്റെ ഇടപെടലിലാണ് തനിക്ക് മുറി അനുവദിക്കാതിരുന്നതെന്ന് അൻവർ ആരോപിച്ചു. ഇതാണ് ഫാസിസം. രാഷ്ട്രീയ യോഗമല്ല ചേരുന്നത്. എന്നിട്ടും മുറിയനുവദിച്ചില്ല. മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുകയാണെന്നും അൻവർ പരിഹസിച്ചു.