മുഖ്യമന്ത്രിക്കെതിരായ മോശം പരാമർശം: മാപ്പുപറഞ്ഞ് പി.വി. അൻവർ
മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് പി.വി. അൻവർ എംഎൽഎ. വീഡിയോ സന്ദേശത്തിലാണ് അൻവറിന്റെ ഖേദപ്രകടനം.വിമർശനം ശക്തമായതോടെയാണ് അൻവർ മാപ്പ് പറഞ്ഞ് വിഡിയോ ഇട്ടത്. “മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും’ എന്ന പരാമർശം ബോധപൂർവം ആയിരുന്നില്ലെന്നും ഇതിൽ മാപ്പ് ചോദിക്കുന്നുവെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പൻ എന്ന അർഥത്തിലല്ല, എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ സ്റ്റേറ്റ്മെന്റിനെതിരേ എതു വലിയ ഉന്നതനായാലും മറുപടി പറയുമെന്ന നിലയിലാണ് അങ്ങനെ പറഞ്ഞത്. വാക്കുകൾ അങ്ങനെയായിപ്പോയതിൽ അങ്ങേയറ്റം ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയാണ്. തന്റെ വാക്കുകൾ ആരും ദയവായി ആ അർഥത്തിൽ എടുക്കരുതെന്നും അൻവർ പറഞ്ഞു.