റേഷന്‍കാർഡ് മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ചു
സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ബഹു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ നിയമസഭയെ അറിയിച്ചു. മുന്‍ഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങള്‍ക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീർഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ.ഇ.കെ.വിജയന് എം.എല്‍.എ നല്കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
NFSA ഗുണഭോക്താക്കളുടെ e-KYC അപ്ഡേഷന് നടപടികളുടെ പ്രാരംഭ ഘട്ടത്തില്‍ നേരിട്ട തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി NIC-യുടെ AUA സെര്‍വറിന്റെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട്, റേഷന്‍കടകളില്‍ സ്ഥാപിച്ചിട്ടുളള ഇ-പോസ് മെഷിന് മുഖാന്തിരം 2024 സെപ്റ്റംബര്‍ മാസം 18-ാം തീയതി ആരംഭിച്ച് ഒക്ടോബർ 8ാം തീയതി അവസാനിക്കുന്ന വിധത്തിലാണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരുന്നുത്.
എന്നാല്‍ ഒക്ടോബർ 8ാം തീയതി വരെ79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷന് മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. മുന്‍ഗണാകാർഡിലെ 20ശതമാനത്തോളം അംഗങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ മസ്റ്ററിംഗില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ഗണനാകാർഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേർക്കും മസ്റ്ററിംഗില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുമുണ്ട്.