കണ്ണൂരിൽ ലോക സെറിബ്രൽ പാൾസി ദിനം ആചരിച്ചു

0

ലോക ലോക സെറിബ്രൽ പാൾസി ദിനം കണ്ണൂർ ജില്ലയിൽ സമുചിതമായി ആചരിച്ചു. ജില്ലാതല ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ (ഡിഇഐസി) നടന്ന ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എൻഎച്ച്എം ഡിപിഎം ഡോ. പി കെ അനിൽകുമാർ ദിനാചരണ സന്ദേശം വായിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ ടി, പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ ആമിന ടീച്ചർ, വാർഡ് കൗൺസിലർ പി.നളിനി, ശിശുരോഗ വിദഗ്ധരായ ഡോ. അബ്ദുൽ മജീദ്, ഡോ. അജിത് സുഭാഷ്, ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി സുധീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികൾ അരങ്ങേറി. എല്ലാവർഷവും ഒക്‌ടോബർ ആറിനനാണ് ലോക സെറിബ്രൽ പാൾസി ദിനമായി ആചരിക്കുന്നത്.

എന്താണ് സെറിബ്രൽ പാൾസി; ലക്ഷണങ്ങളും കാരണങ്ങളും

ഇന്ത്യയിൽ ശരാശരി 1000 കുട്ടികളിൽ മൂന്നു പേർക്ക് സെറിബ്രൽ പാൾസി കാണുന്നു എന്നതാണ് കണക്ക്. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിച്ച്, ചലന വൈകല്യത്തിനും ചിലപ്പോൾ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണ് സെറിബ്രൽ പാൾസി.
ഗർഭകാലത്തോ പ്രസവ സമയത്തോ അതിനു ശേഷമോ കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന വ്യത്യസ്ത അസുഖങ്ങളോ അവസ്ഥകളോ ആണ് ഇതിന് കാരണം. ഇന്ത്യയിൽ ശരാശരി 1000 കുട്ടികളിൽ മൂന്നു പേർക്ക് സെറിബ്രൽ പാൾസി കാണുന്നു എന്നതാണ് കണക്ക്. രാജ്യത്ത് ഈ രോഗം ബാധിച്ച 25 ലക്ഷത്തോളം ആളുകൾ ഉണ്ടെന്നും കണക്കുകൾ പറയുന്നു.
പ്രസവ സമയത്തോ അതിന് ശേഷമോ കുഞ്ഞിന്റെ തലച്ചോറിന് ഓക്‌സിജൻ കിട്ടാത്ത അവസ്ഥ, ബാക്ടീരിയൽ വൈറൽ അണുബാധകൾ, നവജാത ശിശുക്കളെ ബാധിക്കുന്ന കഠിനമായ മഞ്ഞപ്പിത്തം, ജനിതകപരമായ തകരാറുകൾ, കുഞ്ഞിന്റെ തലയുടെ വലുപ്പം വർധിക്കുന്ന അവസ്ഥ, തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം എന്നിവ സെറിബ്രൽ പാൾസിയിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്.
പ്രധാനലക്ഷണങ്ങൾ

1. വളർച്ചാഘട്ടത്തിലെ പ്രധാന നാഴികക്കല്ലുകൾ പിന്നിടുന്നതിലെ കാലതാമസം.
2. പേശികളിലെ അമിത ദൃഢത, ദൃഢതക്കുറവ്.
3. ഭക്ഷണം ഇറക്കുവാനുള്ള പ്രയാസം.
4. സംസാര വൈകല്യം.

കണ്ണൂർ ജില്ലയിൽ സർക്കാർ തലത്തിൽ നേരത്തെ ജനന വൈകല്യങ്ങൾ കണ്ടെത്തി ചികിത്സ നൽകുന്ന സ്ഥാപനത്തെ പരിചയപ്പെടാം.

ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം (ഡിഇഐസി)

ജനനം മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ, അവരുടെ വളർച്ചാ കാലഘട്ടത്തിലുള്ള കാലതാമസം, വൈകല്യങ്ങൾ, ഭിന്നശേഷി എന്നിവയും അവ ഉണ്ടാകുന്നതിനുള്ള സാധ്യതയും തുടക്കത്തിലേ കണ്ടെത്തി ചികിത്സ ഉറപ്പു വരുത്തുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനം. ഇത് സ്ഥിതി ചെയ്യുന്നത് മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയോട് ചേർന്നാണ്.

ഡിഇഐസിയിൽ ലഭ്യമാകുന്ന സേവനങ്ങൾ

ശിശുരോഗ വിദഗ്ധൻ, മെഡിക്കൽ ഓഫീസർ, ഡെന്റൽ സർജൻ എന്നിവരുടെ സേവനം.
ഫിസിയോതെറാപ്പി, സ്‌പെഷ്യൽ എജുക്കേഷൻ, സൈക്കോതെറാപ്പി, ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി, ഒപ്റ്റോമെറ്ററി, സിവിഐ തെറാപ്പി, ഹൈഡ്രോ തെറാപ്പി, സെൻസറി ഇന്റഗ്രേഷൻ തെറാപ്പി, ഡെന്റൽ ഹൈജീനിസ്റ്റിന്റെ സേവനം. ജന്മനാലുള്ള ഹൃദ്രോഗമുള്ള കുട്ടികൾക്ക് ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം. ലഭ്യമല്ലാത്ത സേവനങ്ങൾക്ക് ഉന്നത സ്ഥാപനങ്ങളിലേക്കുള്ള റഫറൽ സൗകര്യം എന്നിവ കൂടി ലഭിക്കുന്നതാണ്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *