ചുരംപാതയിൽ റോഡ് തകർച്ച; ഹെയർപിൻ വളവുകൾ നവീകരിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി

0

താമരശ്ശേരി ചുരംപാതയിൽ റോഡ് തകർച്ച നേരിട്ട ഹെയർപിൻ വളവുകൾ നവീകരിക്കുന്ന പ്രവൃത്തിക്ക് ഇന്നലെ തുടക്കമായി. കൊരുപ്പുകട്ടകൾ പാകിയ ചുരത്തിലെ രണ്ട്, നാല് ഹെയർപിൻ വളവുകളാണ് ആദ്യഘട്ടത്തിൽ നവീകരിച്ചത്.  കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ റീടാർ ചെയ്യാനുള്ള കൊടുംവളവുകളിലെ നവീകരണത്തിന് ഇന്ന് തുടക്കമാവും. കുഴികൾ നിറഞ്ഞ ഒന്ന്, മൂന്ന്, ആറ്്, ഏഴ്, എട്ട് ഹെയർപിൻ വളവുകളിൽ ബിറ്റുമിനസ് മക്കാഡ(ബി.എം.)മിട്ടുള്ള കുഴിയടയ്ക്കൽ പ്രവൃത്തിയാണ് ആദ്യം നടത്തുക. പിന്നീട് രാത്രികാലത്ത്‌ ഗതാഗതനിരോധനമേർപ്പെടുത്തി ചുരമടച്ച് വളവുകളിൽ ബി.സി. റീടാറിങ് ചെയ്യാനാണ് പി.ഡബ്ല്യു.ഡി. അധികൃതർ ആലോചിക്കുന്നത്.

ഹെയർപിൻ വളവുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് ചുരത്തിൽ പകൽസമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. കൊടുംവളവുകളിലെ റോഡ് തകർച്ച അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും വഴിയൊരുക്കുന്നത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയായിരുന്നു വളവുകൾ നവീകരിക്കാൻ പി.ഡബ്ല്യു.ഡി. എൻ.എച്ച്. അധികൃതരുടെ അടിയന്തര ഇടപെടൽ.

പി.ഡബ്ല്യു.ഡി. (എൻ.എച്ച്. വിഭാഗം) കൊടുവള്ളി സെക്‌ഷൻ അസി. എൻജിനിയർ എം. സലീമിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നവീകരണപ്രവൃത്തി നടന്നത്. രണ്ടാംവളവിന്റെ മുകൾഭാഗത്തേക്ക് റോഡിന് ഇടതുവശത്തെ താഴ്ന്നുപോയ പ്രതലഭാഗങ്ങളിലാണ് തിങ്കളാഴ്ച രാവിലെ ഒൻപതുമണിമുതൽ ഉച്ചവരെ അറ്റകുറ്റപ്രവൃത്തി നടത്തിയത്. ഹെയർപിൻ വളവിന്റെ മുകൾഭാഗത്ത് ഉയർന്നും താഴ്ന്നും നിരപ്പല്ലാതെ കിടന്നിരുന്ന കൊരുപ്പുകട്ടകൾ എടുത്തുമാറ്റിയ ശേഷമായിരുന്നു നവീകരണം. നിലത്ത് വെറ്റ് മിക്സ് മക്കാഡ(ക്വാറിവേസ്റ്റ്)മിട്ട് അതിനുമുകളിൽ വലുപ്പം കുറഞ്ഞ മെറ്റലുകളും പൊടിമിശ്രിതവും നിറച്ചശേഷം കൊരുപ്പുകട്ടകൾ പാകുകയായിരുന്നു. ഉച്ചയ്ക്കുശേഷം നാലാം ഹെയർപിൻ വളവിലായിരുന്നു നവീകരണപ്രവൃത്തി. നാലാംവളവിനു നടുവിൽ താഴ്ന്നുപോയ ഭാഗത്തെ കൊരുപ്പുകട്ടകൾ മാറ്റി റോഡ് ഉയർത്തി കട്ടകൾ പാകി പ്രതലം നേരേയാക്കുകയായിരുന്നു. ഭാരവാഹനനിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് വാഹനങ്ങൾ വളരെ കുറവായതിനാലും ഇരുവളവുകൾക്കും വീതി കൂടുതലായതിനാലും ചുരത്തിൽ കാര്യമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *