അത് അപ്പുറം പാക്കലാം അയ്യാ: തമിഴില്‍ മറുപടിയുമായി പി വി അന്‍വര്‍
മഞ്ചേരിയിൽ നയവിശദീകരണ യോഗത്തിന് മുൻപ് മാധ്യമങ്ങൾക്ക് തമിഴിൽ മറുപടി പറഞ്ഞ് പിവി അൻവർ. ഡിഎംകെ ബന്ധത്തിന്റെ പേരിൽ ആശങ്ക ഒന്നും ഇല്ലേ എന്ന ചോദ്യത്തിനായിരുന്നു അൻവറിന്റെ തമിഴ് മറുപടി. അത് അപ്പുറം പാക്കലാം അയ്യാ, ഒരു പ്രച്ചനയും ഇരിക്കില്ല എന്നായിരുന്നു അൻവർ നൽകിയ മറുപടി. തമിഴ് മട്ടും താൻ ഇനി പേസും എന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ് ബന്ധം എപ്പോഴേ ഉറപ്പിച്ചെന്ന് അൻവർ പറഞ്ഞു. യോഗത്തിലേക്ക് ആളുകൾ എത്താതിരിക്കാൻ പൊലീസ് വാഹനം തടയുന്നുണ്ട് അൻവർ ആരോപിച്ചു. സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീട്ടിലേക്ക് പൊലീസ് എത്തിയെന്നും സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്നും അൻവർ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ കാണട്ടെയെന്നും വിശദമായി പറയുമെന്നും അൻവർ പറഞ്ഞു. പൊലീസ് മനപൂർവം തടസമുണ്ടാക്കുന്നുവെന്ന് അൻവർ ആരോപിച്ചു. ട്രാഫിക് നിയന്ത്രണത്തിന്റെ പേരിലാണ് പൊലീസ് വാഹനങ്ങൾ തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് പി.വി.അൻവറിന്റെ നയവിശദീകരണ സമ്മേളനം.
ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള പീപ്പിൾ എന്ന പേരിൽ പുതിയ കൂട്ടായ്മ സമ്മേളനത്തിൽ രൂപീകരിക്കും. മുഴുവൻ മതേതര-ജനാധിപത്യ വിശ്വാസികളും യോഗത്തിൽ പങ്കെടുക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുണ്ട്. നീലഗിരി മേഖലയിലെ ഡിഎംകെ പ്രവർത്തകർ നിലന്പൂരിൽ ; മഞ്ചേരിയിലെ പൊതുസമ്മേളന വേദിയിലെത്തും.