ആശുപത്രികളിൽ പ്രസവ സുരക്ഷ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

0

സംസ്ഥാനത്തെ ആശുപത്രികളിൽ പ്രസവത്തിന് അർഹമായ ആദരവോടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ നിർമ്മിച്ച അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും നിശ്ചിത ഗുണനിലവാരമുള്ള സൗകര്യങ്ങൾ ഉറപ്പാക്കും. നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്ത് നവജാത ശിശുമരണം, മാതൃമരണ നിരക്ക് എന്നിവ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം.  വികസിത രാജ്യങ്ങളുടേതിന് തുല്യമാണിതെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള ചികിത്സ ഉപ്പൊക്കുന്നതിന്റെ ഭാഗമായി പ്രതിവർഷം 1400 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ കൂടുതൽ തസ്തികൾ അനുവദിക്കുന്ന കാര്യം അന്തിമ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യവകുപ്പിൽ അനധികൃത അവധി അംഗീകരിക്കില്ല. ഇനിമുതൽ വകുപ്പിലെ അവധി അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അനധികൃതമായി അവധി എടുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായിരുന്നു. ഡിഎംഒ ഡോ എം.പിയൂഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, തളിപ്പറമ്പ് നഗരസഭ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ,  കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ശ്രീമതി,  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ നബീസ ബീവി, കെ.എം ഷബിത, പി.പി മുഹമ്മദ് നിസാർ, തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി കെ.പി സുബൈർ, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി സൂപ്രണ്ട് ഡോ ഗ്രിഫിൻ സുരേന്ദ്രൻ, ആരോഗ്യ പ്രവർത്തകർ,  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

എൻ.എച്ച്.എം വാർഷിക പദ്ധതിയുടെ ഭാഗമായി മെറ്റേണിറ്റി വിഭാഗം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യ ക്വാളിറ്റി സ്റ്റാൻഡേർഡ് പ്രകാരമാണ് അമ്മയും കുഞ്ഞും ബ്ലോക്ക് നിർമ്മിച്ചത്. ദേശീയ ആരോഗ്യ ദൗത്യം വഴി 2.68 കോടി രൂപ ചെലവിലാണ് ബ്ലോക്കിന്റെ നിർമ്മാണം. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ മുകളിലെ മൂന്ന് നിലകളിലാണ് ആധുനിക രീതിയിൽ പ്രസവ വിഭാഗവും കുട്ടികളുടെ വിഭാഗവും ഒരുക്കിയിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളോടുകൂടിയ ലേബർറൂം, സെപ്റ്റിക് ലേബർ റൂം, എമർജൻസി തീയേറ്റർ, ന്യൂബോൺ സ്റ്റെബിലൈസേഷൻ യൂണിറ്റ്, യു എച്ച്.ഡി യു പ്രധാന ഓപ്പറേഷൻ തിയേറ്റർ, പ്രസവ സംബന്ധമായ വിവിധ വാർഡുകൾ, കുട്ടികളുടെ വാർഡ്, ഐ.സി.യു തുടങ്ങിയവ ബ്ലോക്കിൽ ലഭ്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *