വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ജില്ലാതല പ്രഖ്യാപനം ശനിയാഴ്ച തലശ്ശേരിയിൽകണ്ണൂർ ജില്ലയിലെ മുഴുവൻ സബ് രജിസ്ട്രാഫീസുകളിൽനിന്നും ആധാരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ ഓൺലൈൻ വഴി അപേക്ഷകർക്ക് ലഭ്യമാക്കുന്നതിന്റെ ജില്ലാതല പ്രഖ്യാപനം ഒക്ടോബർ അഞ്ച് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് തലശ്ശേരിയിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷനാവും. തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ എം ജമുനാ റാണി മുഖ്യാതിഥിയാവും.മന്ത്രി വീണ ജോർജ് ഇന്ന് ജില്ലയിൽ
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഒക്ടോബർ ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ 10 മണി-അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രം, ഫിസിയോ തെറാപ്പി യൂനിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം, 10.45 മണി-ചെങ്ങളായി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തൽ ഉദ്ഘാടനം, 11.30 മണി-തളിപ്പറമ്പ് താലൂക്ക് ആശുപത്രി ലക്ഷ്യ മന്ദിരം ഉദ്ഘാടനം, 12 മണി-ഇ കെ നായനാർ മെമ്മോറിയൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണോദ്ഘാടനം, ഒരു മണി- പഴയങ്ങാടി താലൂക്കാശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം, മാട്ടൂൽ കമ്യൂണിറ്റി ഹെൽത്ത് സെൻറർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തൽ ഓൺലൈൻ ഉദ്ഘാടനം, രണ്ട് മണി-പുഴാതി പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം നിർമ്മാണോദ്ഘാടനം.
ജില്ലാ പഞ്ചായത്ത് യോഗം
‘മാലിന്യമുക്തം നവ കേരളം’ ക്യാമ്പയിനിൽ പങ്കാളിത്തം ഉറപ്പാക്കുംസംസ്ഥാനത്തെ മാലിന്യ മുക്തമാക്കുന്നതിനാരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിനിൽ പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് നടപ്പാക്കുന്ന ക്യാമ്പയിനിൻ നേതൃരംഗത്തിറങ്ങി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പ്രാദേശിക തല ഇടപെടലുകൾ നടത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അംഗങ്ങൾക്ക് നിർദേശം നൽകി. സ്കൂൾ പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കണം. വേഗത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസി. എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകാൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് പ്രസിഡന്റ് ആവശ്യപ്പെട്ടു.
ജില്ലയിൽ സ്കൂൾ കഫെ പദ്ധതി മികച്ച രീതിയിലാണ് നടപ്പാക്കിവരുന്നത്. പദ്ധതിയുടെ ജില്ലാതല യോഗത്തിന് മുന്നോടിയായി സ്കൂൾതല യോഗങ്ങൾ ചേരണം. പ്രാദേശിക യോഗത്തിന് ശേഷം സിഡിഎസ് ചെയർപേഴ്സൺമാരുടെ യോഗം ചേരും. സ്മൈൽ പദ്ധതിയിൽ പ്രധാന അധ്യാപകർ, പ്രിൻസിപ്പൽ, പിടിഎ എന്നിവരുടെ യോഗം വിളിക്കണം.
എട്ടിക്കുളം എംഎഎസ്ജിഎച്ച്എസ്എസിലെ ഉപയോഗശൂന്യമായ ടോയിലറ്റ് കെട്ടിടം പൊളിച്ചു നീക്കാൻ തദ്ദേശ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ തയ്യാറാക്കിയ സർവെ റിപ്പോർട്ട് അംഗീകരിച്ചു. തിരുമേനി ജിഎച്ച്എസ്എസിലെ ഉപയോഗശൂന്യവും അപകടാവസ്ഥയിൽ ഉള്ളതുമായ ടോയിലറ്റ് ബ്ലോക്ക് പരിശോധിച്ച് വാല്യുവേഷൻ റിപ്പോർട്ട് നൽകാൻ എക്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.
ചെറുകുന്ന് ജിഡബ്ല്യുഎച്ച്എസ്എസിന്റെ അറ്റകുറ്റപ്രവൃത്തിയുടെ എസ്റ്റിമേറ്റിൽ ഭേദഗതി വരുത്താനും പ്രവൃത്തി പൂർത്തീകരണ കാലാവധി ഒക്ടോബർ 30 നീട്ടി നൽകാനും തീരുമാനിച്ചു. കണ്ണാടിപ്പറമ്പ ജിഎച്ച്എസ്എസിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി നവംബർ 14 വരെ ദീർഘിപ്പിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപോകുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. പൊതുമാരമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. ടി സരള, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി.കെ സുരേഷ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. കെ കെ രത്നകുമാരി, സെക്രട്ടറി ഇൻ ചാർജ് കെ.വി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തൽ ഉദ്ഘാടനം ഇന്ന് പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്സിന്റെയും മാട്ടുൽ സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ച ഒരു മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. ചടങ്ങിൽ എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന സർക്കാറിന്റെ നവകേരള മിഷനിൽ ആർദ്രം ദൗത്യത്തിൽ ഉൾപ്പെടുത്തിയാണ് മാട്ടൂൽ സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ഇതിന്റെ ഭാഗമായി 37.50 ലക്ഷം രൂപ ചിലവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി. എച്ച്.എൽ.എൽ ആണ് നിർവഹണ ഏജൻസി.
സ്വയം തൊഴിൽ പദ്ധതി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ മൾട്ടി പർപ്പസ് ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതിക്കായി മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വായ്പ തുക പത്ത് ലക്ഷം വരെയും സബ്സിഡി 25 ശതമാനവുമാണ്. പ്രായപരിധി 21 നും 45 നും മധ്യേ. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ ഫോറം മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും. പദ്ധതികളെക്കുറിച്ച് അറിയാൻ 0490-2474700 നമ്പറിൽ ബന്ധപ്പെടാം.
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന പ്രിന്റിംഗ് ടെക്നോളജി സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിലാണ് ഒരു വർഷത്തെ കോഴ്സുകൾ. എസ്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ.്ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത വേണം. പട്ടികജാതി/പട്ടികവർഗ/മറ്റ് അർഹരായ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒബിസി/എസ്ഇബിസി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
അപേക്ഷാ ഫോറം 100 രൂപയക്ക് നേരിട്ടും 135 രൂപക്ക് തപാലിൽ ഓഫീസർ ഇൻ ചാർജ്, സി-ആപ്റ്റ്, റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് വിലാസത്തിൽ ലഭിക്കും. ഫോൺ; 0495 2723666, 0495 2356591, 9400453069, www.captkerala.com. അപേക്ഷ ഒക്ടോബർ 15 നകം ലഭിക്കണം.
കുടിശ്ശിക ഡിസംബർ 30 വരെ ഒടുക്കാം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി (9% പലിശ സഹിതം) അവസാന മൂന്ന് വർഷ കാലയളവ് വരെയുള്ള (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക ഡിസംബർ 30 വരെ ഒടുക്കാം. എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല എക്സിക്യുട്ടിവ് ഓഫിസർ അറിയിച്ചു. ഫോൺ:0497 2705197
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പയ്യന്നൂർ കാങ്കോൽ വില്ലേജിലെ കാളീശ്വരം ശ്രീ ശിവക്ഷേത്രത്തിൽ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ നീലേശ്വരത്തുള്ള അസി. കമ്മീഷണറുടെ ഓഫീസിൽ ഒക്ടോബർ 23 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. നീലേശ്വരത്തുള്ള അസി. കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ്, മലബാർ ദേവസ്വം ബോർഡ് വെബ് സൈറ്റ് എന്നിവിടങ്ങളിൽ നിന്നും അപേക്ഷ ഫോറം സൗജന്യമായി ലഭിക്കും.
താൽക്കാലിക ഒഴിവ്
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള ഇന്ത്യാ ഗവ. നടത്തുന്ന മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ കോഴ്സ് സർട്ടിഫിക്കറ്റ് (എംആർടി) അല്ലെങ്കിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് (കെയുഎച്ച്എസ്) അംഗീകരിച്ച മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ കോഴ്സ് അല്ലെങ്കിൽ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയുടെ മെഡിക്കൽ റെക്കോർഡ് സയൻസിൽ ഡിപ്ലോമ. പ്രായപരിധി 41 വയസ്സ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 15 നകം പേര് രജിസ്റ്റർ ചെയ്യണം.
താലൂക്ക് വികസന സമിതി യോഗം ഒക്ട: അഞ്ചിന്
കണ്ണൂർ താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ അഞ്ചിന് രാവിലെ 11 ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.
ടെണ്ടർ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിന്റെ മെയിൻ ബിൽഡിംഗ് ബ്ലോക്ക് അറ്റകുറ്റപണി ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 ന് വൈകുന്നേരം നാല് മണി വരെ. ഫോൺ: 0497 2780227 .
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലെ ചുറ്റുമതിൽ തകർന്ന ഭാഗം അറ്റകുറ്റപ്പണി ചെയ്യുന്നതിന് (സാധന സാമഗ്രികൾ ഉൾപ്പെടെ) ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 22 ഉച്ചക്ക് രണ്ട് മണി വരെ.ഫോൺ:0497 2780227 .
പ്രശ്നോത്തരി-ജില്ലാതല മത്സരം
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി തലത്തില്‍ നടത്തുന്ന പ്രശ്നോത്തരി മത്സരം ഒക്ടോബര്‍ 15 ന് രാവിലെ 10 ന് കണ്ണൂര്‍ സൗത്ത് ബസാര്‍ അശോക ഹോസ്പിറ്റലിനു മുന്‍വശം ഗുരുഭവന് ഹാളില്‍ നടത്തും. മഹാത്മ ഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിലാണ് ജില്ലാതല ക്വിസ്സ് മത്സരം നടത്തുന്നത്. ഒരു സ്കൂളില്‍ നിന്നും എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിഭാഗത്തിലെ രണ്ട് കുട്ടികളെ ഉള്‍പ്പെടുത്തി പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 14 ന് മൂന്ന് മണിക്കകം 0497 270057, 9496133760 നമ്പറുകളിലോ poknr@kkvib.org ഇ മെയില്‍ വിലാസത്തിലോ അറിയിക്കണം. ഒക്ടോബര്‍ 15 ന് രാവിലെ 9.30 ന് ബന്ധപ്പെട്ട വിദ്യാലയങ്ങളുടെ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം രജിസ്ട്രേഷന് ഹാജരാകണം. സംസ്ഥാനതല മത്സരം തിരുവനന്തപുരത്ത് നടക്കും.
കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (സംസ്കൃതം) (ഫസ്റ്റ് എന്‍സിഎ- എസ് ഐ യു സി എന്‍) (കാറ്റഗറി നമ്പര്‍: 455/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 സെപ്റ്റംബര്‍ ആറിന് നിലവില്‍ വന്ന 315/2021/എസ് എസ് വി നമ്പര്‍ റാങ്ക് പട്ടിക 2021 ഡിസംബര്‍ 13 അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി
കണ്ണൂര്‍ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (XIth എന്‍സിഎ-എസ് ടി) (കാറ്റഗറി നമ്പര്‍. 227/2024) തസ്തികയിലേക്ക് 2024 ജൂലൈ 15 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
സ്ത്രീ രചനകളിലെ വൈവിദ്യങ്ങളുമായി നിശാഗന്ധി മാസിക രണ്ടാം പതിപ്പ്
ജെന്‍ഡര്‍ പ്രവര്‍ത്തന ഭാഗമായി ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സര്‍ഗ്ഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ നിശാഗന്ധി മാസികയുടെ രണ്ടാം പതിപ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി കെ സുരേഷ് ബാബു പ്രകാശനം ചെയ്തു. നിശാഗന്ധിയിലെ എഴുത്തുകാരും പ്രവര്‍ത്തകരുമെല്ലാം സ്ത്രീകള്‍ ആണെന്നതാണ് മാസികയുടെ പ്രത്യേകത. ഇതിനോടകം നിരവധി നിരൂപക പ്രശസ്തിയും വായനക്കാരും നിശാഗന്ധിയെ തേടി എത്തിയിട്ടുണ്ട്. 33 സ്ത്രീ എഴുത്തുകാരുടെ കവിതകള്‍, കഥ, സിനിമാസാഹിത്യ നിരൂപണങ്ങള്‍ എന്നിവയുമായാണ് രണ്ടാം പതിപ്പ് എത്തുന്നത്. കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എം.വി ജയന്, എഴുത്തുകാരിയും നിശാഗന്ധി പത്രാധിപ സമിതി അംഗവുമായ മീര കോയ്യോട്, എഡിറ്റോറിയല്‍ അംഗങ്ങള്‍, ജില്ലാ മിഷന് ഉദ്യോഗസ്ഥര്‍, സി ഡി എസ്സ് ചെയര്പേഴ്സണ്മാര്, സി.ഡി.എസ്സ് അക്കൗണ്ടന്റ് എന്നിവര്‍ പങ്കെടുത്തു.