കണ്ണൂർ സർവകലാശാലയിൽ സ്കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കമായി
കണ്ണൂർ സർവകലാശാലയിൽ സ്കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കമായി. സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും ആരംഭിക്കുന്ന നാലു വർഷ ബിരുദ പഠനത്തിന്റെ ഭാഗമായി സർവകലാശാലയും അസാപ് കേരളയും സംയുക്തമായി ആരംരംഭിച്ച സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിംഗ് (സി.എസ്.ഡി.സി.സി.പി) ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കിൽ എൻഹാൻസ്മെന്റ് സംവിധാനങ്ങൾ മുഖേന സംസ്ഥാനത്തിന്റെ ഏറ്റവും വലിയ മൂലധനമായിട്ടുള്ള വെജ്ഞാനിക സംസ്കാരം കെട്ടിപടുക്കാൻ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. വൈജ്ഞാനിക സമൂഹം കെട്ടിപ്പടുക്കുന്നതിൽ ഏറ്റുവും കൂടുതൽ സംഭാവനകൾ ചെയ്യേണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾക്കായി ശക്തമായ ഇടപെടലാണ് സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 2000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ വിവിധ ഉന്നത വിദ്യാകേന്ദ്രങ്ങളിലായി നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബിരുദ പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് അവരുടെ അഭിരുചിയ്ക്ക് അനുസരിച്ച് വിവിധ കോഴ്സുകൾ ഓഫ്ലൈനായും ഓൺലൈനായും പഠിക്കാനുള്ള സംവിധാനമാണ് ഈ കേന്ദ്രം വഴി ഒരുക്കുന്നത്. പഠനത്തോടൊപ്പം ഏതെങ്കിലും തൊഴിൽ മേഖലയിൽ നൈപുണ്യ വികസനം ഉറപ്പുവരുത്താനും കരിയർ എങ്ങനെ പ്ലാൻ ചെയ്യണം എന്നതിൽ വിദ്യാർഥികളെ സഹായിക്കാനും ഈ കേന്ദ്രങ്ങൾ സഹായകമാകും.
ഓൺലൈനായി എ ഐ ആൻഡ് മെഷീൻ ലേണിംഗ് ഡവലപ്പർ ഉൾപ്പെടെ 26 കോഴ്സുകളും ഓഫ്ലൈനായി 25 കോഴ്സുകളും ഈ കേന്ദ്രങ്ങൾ നടത്തും. ജാവ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, മൊബൈൽ ആപ്പ് ഡവലപ്മെന്റ് തുടങ്ങിയ ഇരുപതോളം ഹ്രസ്വകാല സെർവർ ബേസ്ഡ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളും വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താനാകും.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ സാജു അധ്യക്ഷനായി. അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ് മുഖ്യാതിഥിയായി. കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിൻഡിക്കേറ്റ് മെമ്പർ പ്രമോദ് വെള്ളച്ചാൽ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്പെഷ്യൽ ഓഫീസർ ഡോ. കെ സുധീന്ദ്രൻ, അസാപ് കേരള ട്രെയിനിങ് ഹെഡ് ടി സജി, കണ്ണൂർ സർവ്വകലാശാല ഐക്യൂഎസി ഡയറക്ടർ പ്രൊഫ. അനൂപ് കുമാർ കേശവൻ എന്നിവർ സംസാരിച്ചു.