യാചകയിൽ നിന്നും ഡോക്ടർ; ഇത് ആരുടേയും ഉള്ളുലയിക്കും കഥ
നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും ജീവിതത്തിൽ ഫലമുണ്ടാകുമെന്ന ഉറച്ച വിശ്വാസമാണ് പിങ്കിയുടെ ഈ ജീവിത വിജയം. ഒട്ടും എളുപ്പമായിരുന്നില്ല പിങ്കിക്ക് ജിവിതം. സ്കൂളിൽ പേകേണ്ട ചെറുപ്രായത്തിൽ അതിരാവിലെ കുടുംബത്തോടൊപ്പം തെരുവിൽ യാചന.ഹിമാചൽ പ്രദേശിലെ ധർമശാല- ഷിംലക്കടുത്ത മക്ലിയോഡ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തിരഞ്ഞ ഓർമിക്കാനിഷ്ടമില്ലാത്ത ഭൂതകാലമുണ്ടായിരുന്നു പിങ്കി ഹരിയന്. . എന്നിട്ടും ഒരിക്കലും സ്വപ്നം കാണാൻ പോലുമാകാതിരുന്ന ഉയരത്തിലേക്ക് അവൾ ഉറച്ച കാൽവെപ്പുകളോടെ എത്തി. പിങ്കി ഹരിയന്റെ ജീവിതം മാറിമറിയുന്നത് 2004ൽ ആണ്, ടിബറ്റൻ സന്യാസിയും ധർമ്മശാല ആസ്ഥാനമായുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്ടറുമായ ലോബ്സാങ് ജാംയാങ് ഹരിയൻ പിങ്കി എന്ന പെൺകുട്ടി യാചിക്കുന്നത് കാണാൻ ഇടയാവുകയും, ദിവസങ്ങൾക്ക് ശേഷം ചരൺഖുദിലെ വൃത്തിഹീനമായ ചേരിയിലെത്തി ഏറെ പാടുപെട്ട് പെൺകുട്ടിയുടെ കുടിൽ കണ്ടു പിടിക്കുകയുമായിരുന്നു.
കുട്ടിയെ സ്കൂളിൽ ചേർക്കാനായിരുന്നു ഉദ്ദേശ്യം. ധർമ്മശാലയിലെ ദയാനന്ദ് പബ്ലിക് സ്കൂളിൽ ഹരിയൻ പ്രവേശനം നേടി. 2004 ൽ ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ കുട്ടികൾക്കായി സ്ഥാപിച്ച ഹോസ്റ്റലിലെ ആദ്യ ബാച്ച് വിദ്യാർഥികളിൽ ഒരാളായിരുന്നു പിങ്കി. താമസിയാതെ കഠിനാധ്വാനത്തിന്റെ ഫലങ്ങൾ വന്നുതുടങ്ങി. സീനിയർ സെക്കണ്ടറി പരീക്ഷ പാസായ അവൾ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റും പാസായി. പിന്നീട് യു.കെയിലെ ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ 2018ൽ ചൈനയിലെ പ്രശസ്ത മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. എം.ബി.ബി.എസ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി അടുത്തിടെ ധർമ്മശാലയിൽ തിരിച്ചെത്തി.20 വർഷത്തിനിപ്പുറം അവൾ രോഗികളെ ശുശ്രൂഷിക്കാനിറങ്ങുന്ന ഡോക്ടറായിരിക്കയാണ്അവളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സഹോദരനും സഹോദരിയും സ്കൂളിൽ പോകുന്നുണ്ട്.