എഡിജിപിക്കെതിരായ റിപ്പോർട്ട് ഡിജിപി ഇന്ന് കൈമാറും
എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപി ദർവേഷ് സാഹിബ് ഇന്ന് റിപ്പോർട്ട് കൈമാറും. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപിക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സർക്കാരിന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയേക്കും.
ആർഎസ്എസ് നേതാക്കളെ കണ്ടത് എന്തിനെന്നത് സംബന്ധിച്ച് എഡിജിപി വ്യക്തമായ മറുപടി നൽകിയിട്ടില്ല. പ്രധാന നേതാക്കൾ ആരു കേരളത്തിൽ വന്നാലും കാണാൻ പോകാറുണ്ടെന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ എന്തിന് ഔദ്യോഗിക വാഹനം ഒഴിവാക്കി എന്ന ഡിജിപിയുടെ ചോദ്യത്തിന് എഡിജിപ്പ് വ്യക്തമായ മറുപടി നൽകാൻ സാധിച്ചിട്ടില്ല. അതേസമയം ആർഎസ്എസ് നേതാക്കൾ എഡിജിപിയെ കാണാറുണ്ടെന്ന് മറ്റു ഉദ്യോഗസ്ഥരും മൊഴി നൽകിയിട്ടുണ്ട്.
ഒരു ആർഎസ്എസ് നേതാവ് എഡിജിപി എം ആർ അജിത്കുമാറിന്റെ നിത്യ സന്ദർശകനായിരുന്നുവെന്നും അദ്ദേഹം വന്നാൽ മറ്റ് ഉദ്യോഗസ്ഥരെ ഏറെ നേരം പുറത്തിരുത്തുമായിരുന്നുവെന്നും മൊഴിയുണ്ട്. ജയിലിൽ കഴിയുന്ന ആർഎസ്എസുകാരുടെ പരോളുമായി ബന്ധപ്പെട്ടായിരുന്നു ഈ കൂടിക്കാഴ്ചകൾ എന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
പി വി അൻവർ ഉന്നയിച്ച വിവിധ ആരോപണങ്ങൾ പരിശോധിച്ചെങ്കിലും തെളിവ് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. മാമി തിരോധാനക്കേസുൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഡിജിപി പ്രധാനമായും പരിശോധിച്ചത്.