വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
സ്റ്റാഫ്  ക്വാർട്ടേഴ്‌സ് മന്ത്രി ഉദ്ഘാടനം ചെയ്യും

മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കോമ്പൗണ്ടില്‍ എന്‍എച്ച്എം 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മ്മിച്ച സ്റ്റാഫ്  ക്വാർട്ടേഴ്‌സ് ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ  അധ്യക്ഷത വഹിക്കും.

ആരോഗ്യ മേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാര്‍ത്ഥം  2009 ല്‍ ആരംഭിച്ച ആശുപത്രി വികസനത്തിന്റെ അഞ്ചാംഘട്ടത്തിലേക്ക് കടക്കുകയാണ്. ആധുനിക സജ്ജീകരണങ്ങളോട് കൂടിയതും 100 രോഗികളെ കിടത്തി ചികിത്സിക്കുവാന്‍ സൗകര്യമുള്ളതുമായ ഈ ആശുപത്രിയുടെ, ധര്‍മ്മശാല-പറശ്ശിനിക്കടവ് റോഡിന് എതിര്‍വശത്തുള്ള പ്ലോട്ടില്‍, ദേശീയ ആരോഗ്യദൗത്യം വാര്‍ഷിക ഫണ്ടില്‍ ഉള്‍പ്പെടുത്തി, ഒരു കോടി 49 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ആറ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്.

താലൂക്ക് ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സ്, മാട്ടൂലിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം  എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും
പഴയങ്ങാടി താലൂക്ക് ആശുപത്രി  സ്റ്റാഫ് ക്വാർട്ടേഴ്സ്,  മാട്ടൂലിലെ ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രം
എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഒക്ടോബർ അഞ്ചിന് ഉച്ചക്ക് ഒരു മണിക്ക് നിർവഹിക്കും . എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും . രാജ്മോഹൻ ഉണ്ണിത്താൻ എം പി , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥിയാകും
റെയിൽവെ ഗേറ്റ്  രണ്ട് ദിവസത്തേക്ക്  അടച്ചിടും

എടക്കാട്- കണ്ണൂർ സൗത്ത്  റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ എച്ച് -ബീച്ച് (ബീച്ച് ഗേറ്റ്) ലെവല്‍ ക്രോസ് ഒക്ടോബർ നാലിന് രാവിലെ എട്ട് മുതല്‍ ഒക്ടോബർ അഞ്ച്  രാത്രി എട്ടു  വരെ രണ്ട് ദിവസത്തേക്ക് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും.

വാദ്യോപകരണങ്ങൾക്ക് അപേക്ഷിക്കാം

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവജന ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.  കുറഞ്ഞത് അഞ്ച് അംഗങ്ങളെങ്കിലുമുള്ള ഗ്രൂപ്പുകൾക്കാണ് വാദ്യോപകരണങ്ങൾ നൽകുക. അപേക്ഷകർ അതാത് പഞ്ചായത്തിലെ അംഗങ്ങളായിരിക്കണം. പ്രായ പരിധി 18നും 45 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം.

ഉന്നതി വിഷന്‍ പ്ലസ് പദ്ധതി

2024-25 അധ്യയന വര്‍ഷത്തെ ഉന്നതി വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗം വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായ പ്ലസ് ടു/വിഎച്ച്എസ്‌സി പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്ത്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസ്സായവര്‍ക്കും മേല്‍ വിഷയങ്ങളില്‍ എ ടു  ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച സിബിഎസ്ഇ കാര്‍ക്കും, എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച ഐസിഎസ്ഇ കാര്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം.  എൻട്രൻസ് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട കോച്ചിംഗ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം ഒരു വര്‍ഷത്തേക്ക് പരമാവധി 54000 രൂപ വരെ അനുവദിക്കും. അപേക്ഷ, ജാതി, വരുമാനം (വരുമാന പരിധി ആറു ലക്ഷം രൂപ) പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, എന്‍ട്രസ് പരിശീലന സ്ഥാപനത്തിലെ സാക്ഷ്യപത്രവും ബില്ലുകളും, പഞ്ചായത്ത് / ബ്ലോക്ക് ഓഫീസില്‍ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രവും, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ആധാര്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 31 ന് അഞ്ച് മണിക്ക് മുമ്പായി  ലഭിക്കണം. ഫോണ്‍ : 04972700596

അധ്യാപക ഒഴിവ്

കണ്ണൂർ ഗവ. ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ഇംഗ്ലീഷ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സീനിയര്‍ ടീച്ചറെ നിയമിക്കും. അഭിമുഖം ഒക്ടോബര്‍ ഏഴിന് രാവിലെ 11 മണിക്ക് നടത്തും.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹയര്‍ സെക്കണ്ടറി വിഭാഗം ഓഫീസില്‍ ഹാജരാകണം.

കൊല്ലൂർ മൂകാംബിക സ്പെഷ്യൽ സർവീസ്

നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ മൂന്ന് മുതൽ 13 വരെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് സൂപ്പർ എക്സ്പ്രസ്സ് സ്പെഷ്യൽ സർവീസുമായി കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ്. എല്ലാ ദിവസവും രാത്രി 10 ന് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് പുലർച്ചെ കൊല്ലൂരിൽ എത്തി അവിടെ നിന്നും ഉച്ചയ്ക്ക് ഒരു മണിക്ക്  പുറപ്പെടുന്ന രീതിയിലാണ് സർവീസ്.

കൊല്ലൂർ സ്പെഷ്യൽ സർവീസിന് ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്. www.onlineksrtcswift.com എന്ന വെബ് സൈറ്റ് വഴിയും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്ലിക്കേഷൻ  വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഫോൺ: 04985203062

സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആന്റ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട് എടക്കാട് ബ്ലോക്ക് പരിധിയില്‍പ്പെട്ട എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും പരാതികള്‍ സ്വീകരിക്കുന്നതിന്  ഒക്ടോബര്‍ 10 ന് കണ്ണൂര്‍ ജില്ല എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്‌സ്മാന്‍  കെ എം രാമകൃഷ്ണന്‍ കണ്ണൂര്‍ കലക്ടറേറ്റിലുള്ള ഓംബുഡ്‌സ്മാന്റെ ചേമ്പറില്‍  സിറ്റിംഗ് നടത്തും.  രാവിലെ 11 മണി മുതല്‍ 12 മണി വരെ സിറ്റിംഗ് ഉണ്ടാകും.  തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പരാതികള്‍  നേരിട്ട് ഓംബുഡ്സ്മാന്  സമര്‍പ്പിക്കാവുന്നതാണ്. ombudsmanmgnregskannur@gmail.com,ombudsmanpmayg@gmail.com   എന്ന ഇ-മെയില്‍ വഴിയും, ഫോണ്‍ മുഖാന്തിരവും, തപാല്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍ : 9447287542.

സീറ്റൊഴിവ്

കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ് 2024-26 ബാച്ചില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.  50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകളോ, ഡിഗ്രിയോ, എം എയോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി  17 നും 35 നും ഇടക്ക്. ഒക്ടോബര്‍ 10 ന് അഞ്ച് മണിക്ക് മുമ്പ് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  ഫോണ്‍ :  8547126028, 04734 296496

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ നിയമനം

കണ്ണൂർ ഗവ.പോളിടെക്‌നിക്‌ കോളേജിൽ 2024-25 അധ്യയന വര്‍ഷത്തേക്ക്  സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എംഎസ്‌സി സൈക്കോളജി അടിസ്ഥാന  യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.  അപേക്ഷകര്‍ ബയോഡാറ്റാ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന് മുമ്പാകെ ഹാജരാകണം.

അഭിമുഖവും പ്രായോഗിക പരീക്ഷയും

കണ്ണൂര്‍ റെയില്‍വെ പോലീസ് സ്‌റ്റേഷനിലേക്കുള്ള പാർട്ട്‌ ടൈം സ്വീപ്പറുടെ തസ്തികയിലേക്കുള്ള അഭിമുഖവും, പ്രയോഗിക പരീക്ഷയും കണ്ണൂര്‍ റെയില്‍വെ പോലീസ് സ്‌റ്റേഷനില്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 10 മണിക്ക് നടത്തും. അഭിമുഖത്തിനായുള്ള കത്ത് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ കൃത്യസമയത്തു തന്നെ ബന്ധപ്പെട്ട എല്ലാ അസ്സല്‍ രേഖകളും സഹിതം എത്തിച്ചേരണമെന്ന് പാലക്കാട് റെയില്‍വെ ഡി വൈ എസ് പി അറിയിച്ചു.

ഗസ്റ്റ് ഇന്‍ട്രക്ടര്‍ ഒഴിവ്

കണ്ണൂര്‍ ഗവ.ഐടിഐ യില്‍ സര്‍വേയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. സര്‍വേ എഞ്ചിനീയറിംഗ് / സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി / ഡിപ്ലോമയും ആറു മാസത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സര്‍വേയര്‍ ട്രേഡിലെ എന്‍ടിസി/ എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഏഴ് രാവിലെ 10.30 ന് വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍ : 04972835183

ദര്‍ഘാസ്

പിണറായി ഐ ടി ഐയിലെ ഇലക്ട്രീഷ്യന്‍ ട്രേഡിലേക്ക് ട്രെയിനിംഗ് ആവശ്യാര്‍ത്ഥം സാധനങ്ങള്‍ വിതരണം ചെയ്യുവാന്‍  ദര്‍ഘാസുകള്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 21 ന് രണ്ട് മണി വരെ. ഫോൺ:0490 2384160.

ദര്‍ഘാസ്

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുവാന്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 30ന് മൂന്ന് മണി വരെ.

കുഞ്ഞിമംഗലം  ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

കുഞ്ഞിമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ അഞ്ചിന്  രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.
ഓൺലൈൻ മുഖേന നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എം വിജിൻ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്യും

പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്  പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാകിരണം മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ
കിഫ്ബി മുഖേന 3.90 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് അനുവദിച്ചത്. മൂന്ന് നിലകളിലായി ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ  ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, പ്രിൻസിപ്പൽ  റും, ക്ലാസ് റൂം, ടോയ്‌ലറ്റ്, വാഷ് റും, രണ്ടു  സ്റ്റെയർ റൂം സൗകര്യവും, ഒന്നാം നിലയിൽ മൂന്ന്  ക്ലാസ് മുറികളും, മാത് സ് ലാബ്, ടോയ്‌ലറ്റ്, സ്റ്റെയർ റൂം, രണ്ടാം നിലയിൽ രണ്ടു  ക്ലാസ് റൂം ഓഡിറ്റോറിയം, ടോയ്‌ലറ്റ് സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ടേഷനാണ് (കില )  പദ്ധതിയുടെ നിർവഹണ  ചുമതല. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ  സ്കൂളിന്റെ  ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്തുന്നതിനും   സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും  സാധിക്കുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു.

താലൂക്ക് വികസന സമിതി യോഗ സമയം മാറ്റി
ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30 ന് നടത്താനിരുന്ന തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ അഞ്ച് ഉച്ചക്ക് രണ്ട് മണിയിലേക്ക് മാറ്റിയതായി വികസന സമിതി കണ്‍വീനര്‍ കൂടിയായ തഹസില്‍ദാര്‍ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *