വീസ തട്ടിപ്പ്; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍
വീസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി. സന്ദര്‍ശക വീസയില്‍ വിദേശരാജ്യത്ത് എത്തുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ അവസരമൊരുക്കുമെന്ന നിലയില്‍ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.സന്ദര്‍ശക വീസയില്‍ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വാഗ്ദാനം ചെയ്താല്‍ അതു തെറ്റാണ്. ഒരു രാജ്യവും സന്ദര്‍ശക വീസയില്‍ ജോലി അനുവദിക്കില്ല. ഇങ്ങനെയുള്ള വാഗ്ദാനം വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാല്‍ അതു നിയമപ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വരാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍നിന്നും സന്ദര്‍ശക വീസയില്‍ ഏജന്‍സികളുടെ തെറ്റായ വാഗ്ദാനങ്ങള്‍ വിശ്വസിച്ചു മലേഷ്യ, കംബോഡിയ, തായ്ലന്ഡ്, മ്യാന്മാര്, ലാവോസ്, വിയറ്റ്നാം തുടങ്ങിയ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോയ നിരവധി പേര് തട്ടിപ്പിനിരയായതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യ ത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസന്‍സ് ഉള്ള റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ മുഖേന മാത്രമേ ജോലിക്കായി രാജ്യത്തിനു പുറത്തേക്കു പോകുന്നുള്ളെന്ന് തൊഴില്‍ അന്വേഷകര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.