വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക്ക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 23 വരെ പ്രവേശനം നടത്തും. ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്, ഇലക്ടോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എൻഞ്ചിനീയറിങ് വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ രാവിലെ 10.30 ന് മുമ്പായി എസ്.എസ്.എൽ.സി, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ : 9895916117, 9497644788, 9946457866
കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ
പട്ടുവം പഞ്ചായത്തിലെ കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2024-25 അധ്യയന വർഷം ഒഴിവുള്ള കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ മൂന്നിന് ഉച്ചക്ക് രണ്ട് മണിക്ക് എം ആർ എസിലെ സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രായം 20-36, യോഗ്യത ബിസിഎ/ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും പിജിഡിസിഎയും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും, തിരിച്ചറിയൽ കാർഡും, ബയോഡാറ്റയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0460 2996794, 9496284860
അഴിക്കൽ തുറമുഖത്തു നിന്ന് വീണ്ടും ചരക്കുകപ്പൽ സർവീസിന് വഴിയൊരുങ്ങി. കെ.വി.സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ മാരിടൈം ബോർഡ് വിളിച്ച യോഗത്തിലാണ് ധാരണ. മുംബൈയിലെ ഭാരത് ഫ്രൈറ്റ് കമ്പനി പ്രതിനിധികളാണ് സർവീസ് നടത്താൻ താൽപര്യം അറിയിച്ചത്. തുറമുഖത്ത് വൈകാതെ ഡ്രഡ്ജിംഗ് ആരംഭിക്കുമെന്നും കണ്ടെയ്‌നർ ഗോഡൗൺ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുമെന്നും മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള ഉറപ്പ് നൽകി. സർവീസുകൾ കൃത്യമായ സമയക്രമം പാലിക്കണമെന്ന് എംഎൽഎ നിർദേശിച്ചു. ഷെഡ്യൂൾ നേരത്തേ നൽകുമെന്നും അതുപ്രകാരം സർവീസ് നടത്തുമെന്നും കപ്പൽ കമ്പനി പ്രതിനിധികൾ അറിയിച്ചു.
മാരിടൈം ബോർഡ് സിഇഒ ഷൈൻ എ.ഹക്ക്, തുറമുഖ ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ ടി. ദീപൻകുമാർ, വെസ്റ്റേൺ ഇന്ത്യ കമ്പനി എം.ഡി. മായൻ മുഹമ്മദ്, ചേംബർ പ്രസിഡന്റ് രമേഷ് കുമാർ, സച്ചിൻ തുടങ്ങിയവർ പങ്കെടുത്തു.
വിദേശകപ്പലുകളടക്കം അടുക്കാനുള്ള ഐ.എസ്.പി.എസ്. കോഡ് കഴിഞ്ഞ വർഷം അഴീക്കലിന് ലഭിച്ചിരുന്നു. നിലവിൽ കസ്റ്റംസ്, എമിഗ്രേഷൻ സൗകര്യങ്ങൾക്കുള്ള ഓഫീസ് തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്. ഇൻസെന്റീവ് നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമായിട്ടുണ്ട്. തുറമുഖത്തെ ഡ്രഡ്ജറിന്റെ അറ്റകുറ്റപ്പണി കഴിയുന്ന മുറയ്ക്ക് ഡ്രഡ്ജിങ്ങും ആരംഭിക്കും.
ദേശീയ ചുഴലിക്കാറ്റ് അപകട ലഘൂകരണ പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ആറ് മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഒക്ടോബർ ഒന്നിന് വൈകീട്ട് നടക്കും. കതിരൂർ സൈക്ലോൺ ഷെൽട്ടറിൽ വൈകീട്ട് 4.30, തിരുവങ്ങാട് ഗവ എച്ച് എസ് എസിൽ വൈകീട്ട് 4.35, കണ്ണൂർ ഗവ. സിറ്റി എച്ച് എസ് എസിൽ വൈകീട്ട് 4.40, നടുവിൽ ബോയ്‌സ് പ്രീമെട്രിക് ഹോസ്റ്റലിൽ വൈകീട്ട് 4.45, ആറളം ഫാം ഗവ. എച്ച് എസ് എസിൽ വൈകീട്ട് 4.50, പെരിങ്ങോം ഗവ. എച്ച് എസ് എസിൽ വൈകീട്ട് 4.55 എന്നീ സമയങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും. പരീക്ഷണ സൈറണുകൾ മുഴങ്ങുമ്പോൾ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. സൈറണുകൾ സ്ഥാപിച്ച സ്ഥലങ്ങളിലെ തദ്ദേശസ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മേലെ ചൊവ്വ ഫ്‌ളൈ ഓവർ നിർമ്മാണം രണ്ടിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
കണ്ണൂർ മേലെ ചൊവ്വയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർമ്മിക്കുന്ന ഫ്‌ളൈ ഓവറിന്റെ നിർമ്മാണോദ്ഘാടനം ഒക്ടോബർ രണ്ടിന് രാവിലെ 11.30ന് ചൊവ്വ റൂറൽ ബാങ്ക് പരിസരത്ത് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാവും.
സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂർ ഭാഗത്ത് 126.57 മീറ്റർ അപ്രോച്ച്, മധ്യഭാഗത്ത് 200.53 മീറ്റർ പാലം, തലശ്ശേരി ഭാഗത്ത് 97.50 മീറ്റർ അപ്രോച്ച് ഉൾപ്പെടെ ഫ്ളൈ ഓവറിന്റെ ആകെ നീളം 424.60 മീറ്ററായിരിക്കും. ഏഴ് മീറ്റർ കരിയേജ് വേയും ഇരുവശത്തും 0.50 മീറ്റർ ഷൈ ഓഫും, 0.50 മീറ്ററും ക്രാഷ് ബാരിയറുകളും ഉൾപ്പെടെ ഫ്ളൈ ഓവറിന്റെ ആകെ വീതി ഒമ്പത് മീറ്ററാണ്. കൂടാതെ, ഇരുവശങ്ങളിലുമായി 1.5 മീറ്റർ ഡ്രെയിൻ കം ഫുട്പാത്ത് ഉൾക്കൊള്ളുന്ന ഏഴ് മീറ്റർ വീതിയോടുകൂടിയ 600 മീറ്റർ സർവീസ് റോഡും ഉൾപ്പെടുന്നു. 24 മീറ്ററാണ് സർവീസ് റോഡ് ഉൾപ്പെടെയുള്ള ഫ്‌ളൈഓവറിന്റെ ആകെ വീതി. നിലവിലുള്ള ഡിസൈൻ പ്രകാരം നാല് തൂണുകളും രണ്ട് ആബറ്റ്‌മെന്റുമാണ് പാലത്തിനു നിർദ്ദേശിച്ചിട്ടുള്ളത്. മധ്യഭാഗത്ത് 35 മീറ്റർ നീളമുള്ള ബൗസ്ട്രിംഗ് സ്പാനും ഉൾപ്പെടുത്തിയിരിക്കുന്നു.
നിലവിൽ 57.45 സെന്റ് ഭൂമിയാണ് മേൽപ്പാലത്തിനായി ഏറ്റെടുത്തിരിക്കുന്നത്. 15.43 കോടി രൂപയാണ് ഇതിനായി ചിലവാക്കിയത്. സർവീസ് റോഡിനായി 0.1615 ഹെക്ടർ സ്വകാര്യ ഭൂമിയും 0.3257 ഹെക്ടർ റോഡ് ഭൂമിയും ഉൾപ്പെടെ മൊത്തം 0.4872 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന്, 44.71 കോടി രൂപയ്ക്ക് കിഫ്ബിയിൽ നിന്ന് സാമ്പത്തിക അനുമതി ലഭിച്ചു. തുടർന്ന്, എസ്റ്റിമേറ്റ് തുകയായ 31.99 കോടി രൂപയ്ക്ക് സാങ്കേതികാനുമതിയും ലഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡാണ് പദ്ധതിയുടെ നിർമ്മാണം നടത്തുന്നത്. പദ്ധതിയുടെ പൂർത്തീകരണ കാലയളവ് 24 മാസമാണ്. അതിൽ ആദ്യത്തെ മൂന്ന് മാസം ഡിസൈൻ അംഗീകാരത്തിനും ബാക്കി 21 മാസം നിർമ്മാണത്തിനുമാണ് മാറ്റിവച്ചിരിക്കുന്നത്.
ക്ഷേത്രകലാ അക്കാദമി അവാർഡുകൾ ഒക്ടോബർ ആറിന് സമ്മാനിക്കും
മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്ര കലാഅക്കാദമിയുടെ 2022ലെ ക്ഷേത്ര കലാ അവാർഡുകൾ ഒക്ടോബർ ആറിന് സമ്മാനിക്കും. എരിപുരം മാടായി ബാങ്ക് ഓഡിറ്റോയത്തിൽ ഉച്ചക്ക് രണ്ടിന് തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രകലാശ്രീ പുരസ്‌കാരം കെഎസ് ചിത്രയ്ക്കും ഫെലോഷിപ്പുകൾ ഡോ. രാജശ്രീ വാര്യർ, ഡോ. ആർഎൽവി രാമകൃഷ്ണൻ എന്നിവർക്കും സമ്മാനിക്കും. ആകെ 36 പേരാണ് അവാർഡുകൾക്ക് അർഹരായത്.
എം. വിജിൻ എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, മുൻ എം.എൽ.എ ടി.വി രാജേഷ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ തുടങ്ങിയവർ പങ്കെടുക്കും.
സോപാനസംഗീതം, പഞ്ചവാദ്യം, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം തുടങ്ങിയ ക്ഷേത്രകലകൾ അരങ്ങേറും. പരിപാടിയുടെ ഭാഗമായി രാവിലെ പത്ത് മുതൽ ചുമർചിത്ര പ്രദർശനം നടക്കും. ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരം ചുമർചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യും.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉദ്ഘാടനം ഒക്ടോബർ രണ്ടിന്
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ നടക്കും. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ മാതൃകകൾ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ക്യാമ്പയിൻ തുടക്കം.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പെരളശ്ശേരി പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ഉച്ചക്ക് 12 മണിക്ക് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. കതിരൂർ ഗ്രാമപഞ്ചായത്തിലെ കതിരൂർ ടൗണിന്റെ സൗന്ദര്യവതക്കരണ പരിപാടി ഉൾപ്പെടെ നാല് ശുചിത്വ പദ്ധതികളുടെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും.
വൈകീട്ട് മൂന്ന് മണിക്ക് 29-ാം മൈലിൽ, പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ നിർമ്മിച്ച ശുചിത്വ വേലിയും കണിച്ചാർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശുചിത്വ പാർക്കും ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവ്വഹിക്കും.
വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം
നെരുവമ്പ്രം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (ഇലട്രിക്കൽ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത; ഡിപ്ലോമ(ഇലട്രിക്കൽ). ഉദ്യോഗാർഥികൾ ഒക്ടോബർ നാലിന് 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 9400006495, 04972871789
ലൈബ്രേറിയൻ ഒഴിവ്
പട്ടുവം പഞ്ചായത്തിലെ കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2024-25 അധ്യയന വർഷം ഒഴിവുള്ള ലൈബ്രേറിയൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രേറിയൻ സയൻസിൽ ഡിഗ്രി, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയവുമാണ് യോഗ്യത. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി ഒക്ടോബർ മൂന്നിന് രാവിലെ 11 ന് സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ; 0460 2996794, 9496284860
പ്രീമിയം കഫേ ഉദ്ഘാടനം ഒക്ടോബർ ഒന്നിന്
ജില്ലയിലെ കുടുംബശ്രീയുടെ കഫേ മേഖലയിലെ നൂതന ചുവടുവെപ്പായ പ്രീമിയം കഫേയുടെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് രാവിലെ 11ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പായം പഞ്ചായത്തിലെ കുന്നോത്ത് നിർവഹിക്കും. അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ മുഖ്യാതിഥിയാവും. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ ലോഗോ പ്രകാശനം ചെയ്യും. പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി രജനി, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എംവി ജയൻ സംസാരിക്കും.
സംസ്ഥാന സർക്കാറിന്റെ മൂന്നാം വാർഷികം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി വനം-വന്യജീവി വകുപ്പ് കണ്ണൂർ ഡിവിഷനിൽ നബാർഡ് പദ്ധതിയിൽ പൂർത്തീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീം ഓഫീസ് കെട്ടിടത്തിന്റെയും കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ സൗരോർജ തൂക്കു വേലിയുടെ നിർമ്മാണ പ്രവൃത്തിയുടെയും ഉദ്ഘാടനം ഒക്ടോബർ ഒന്നിന് വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ നിർവഹിക്കും. രാവിലെ 10.30ന് ആറളം ഫാം ബ്ലോക്ക് 13ൽ നടക്കുന്ന പരിപാടിയിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാകും.
ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷൻ കട മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാറിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് രാവിലെ 10 മണിക്ക് ആറളം ഫാമിലെ കമ്യൂണിറ്റി ഹാളിൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിക്കും. ആറളം ഫാമിലെ ഒമ്പത്, 10 ബ്ലോക്കുകളില താമസിക്കുന്ന ഗോത്ര വർഗ കുടുംബങ്ങൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ വാഹനത്തിൽ എത്തിച്ചു നൽകുന്നതാണ് പദ്ധതി.
കിൻഫ്ര സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും
മട്ടന്നൂർ വെള്ളിയാംപറമ്പിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പുതുതായി നിർമ്മിച്ച സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (എസ് ഡിഎഫ്) കെട്ടിടം ഒക്ടോബർ ഒന്നിന് വൈകിട്ട് മൂന്ന് മണിക്ക് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കെകെ ശൈലജ ടീച്ചർ എംഎൽഎ അധ്യക്ഷത വഹിക്കും.
മൂന്നു നിലകളിലായി 48000 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന എസ് ഡിഎഫ് കെട്ടിടത്തിൽ വ്യവസായ സംരംഭകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വൈദ്യുതി ഉപഭോക്താക്കൾക്ക് ബോധവത്കരണ ക്ലാസ് 10ന്
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ഒക്ടോബർ 10ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ് റിക്രിയേഷൻ ഹാളിൽ നടക്കും. റെഗുലേറ്ററി കമ്മീഷൻ അംഗം അഡ്വ. എജെ വിൽസൺ ഉദ്ഘാടനം ചെയ്യും. കംപ്ലയൻറ്‌സ് എക്‌സാമിനർ ഭുവനേന്ദ്ര പ്രസാദ്, റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറി സതീഷ്ചന്ദ്ര എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.
വാദ്യോപകരണങ്ങൾക്ക് അപേക്ഷിക്കാം
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക പരിധിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവജന ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് അഞ്ച് അംഗങ്ങളെങ്കിലുമുള്ള ഗ്രൂപ്പുകൾക്കാണ് വാദ്യോപകരണങ്ങൾ നൽകുക. അപേക്ഷകർ അതാത് പഞ്ചായത്തിലെ അംഗങ്ങളായിരിക്കണം. പ്രായ പരിധി 18 നു 45 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 15. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം.
പരാതി പരിഹാര അദാലത്ത് 25ന്
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിന് ഒക്ടോബർ 25 ന് പരാതി പരിഹാര അദാലത്ത് നടത്തും. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയം ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ നടത്തുന്ന അദാലത്തിന് കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ, മെമ്പർമാരായ അഡ്വ സേതു നാരായണൻ, ടി.കെ വാസു എന്നിവർ നേതൃത്വം നൽകും. പട്ടികജാതി പട്ടികഗോത്ര വർഗ്ഗക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിലുള്ളതുമായ കേസുകളിൽ നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും. പോലീസ്, റവന്യു, വനം, വിദ്യാഭ്യാസം, പട്ടികജാതി-പട്ടികവർഗ വികസനം ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിക്കും. അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും. ഫോൺ: 0497 2700596
വിദ്യാർഥികൾക്ക് രചനാ മത്സരം
വൈദ്യുത സുരക്ഷ സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംസ്ഥാനതലത്തിൽ ചിത്രരചന (വാട്ടർ കളർ), ഉപന്യാസ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്‌കൂൾ തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവരുടെ പേര് വിവരങ്ങൾ ബന്ധപ്പെട്ട സ്‌കൂൾ അധികൃതർ നവംബർ ആറിനകം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയം, മൂന്നാം നില, യൂണിറ്റി കോംപ്ലക്‌സ്, എസ് എൻ പാർക്ക് റോഡ്, കണ്ണൂർ – 670001 വിലാസത്തിൽ അറിയിക്കണം. ജില്ലാതല മത്സരം നവംബർ രണ്ടാം വാരം നടക്കും. ഇ-മെയിൽ: elkannur@gmail.com , ഫോൺ : 04972999201
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാർഥിനികൾക്ക് അനുവദിക്കുന്ന പ്രത്യേക ധനസഹായ പദ്ധതിയുടെ ഈ വർഷത്തെ അപേക്ഷ ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടൽ മുഖേന സമർപ്പിക്കാം. സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽ (ഒ.ബി.സി) ഉൾപ്പെട്ടതും സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയും നഷ്ടപ്പെട്ട വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ കൂടരുത്. അപേക്ഷ ഒക്ടോബർ 15നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.egrantz.kerala.gov.in പോർട്ടലിൽ ലഭ്യമാണ്. ഫോൺ: 0495 2377786
താൽപര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് യൂണിഫോം സേനയിലേക്ക് പരിശീലനം എന്ന പദ്ധതിയിൽ പരിശീലനം നൽകുന്നതിന് യോഗ്യരായ സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ട്രെയിനിംഗ് നൽകുന്ന സ്ഥാപനം ഗവ. രജിസ്‌ട്രേഷനുള്ളതും ട്രെയിനിംഗ് നൽകി മുൻ പരിചയമുള്ളവരും ഗുണമേന്മ ഉള്ളവരുമായിരിക്കണം. മുൻ വർഷങ്ങളിൽ ട്രെയിനിംഗ് നൽകിയതിന്റെയും പരിശീലനാർത്ഥികൾക്ക് പ്ലേസ്‌മെന്റ് നൽകിയതിന്റെയും റിപ്പോർട്ട് അപേക്ഷയോടൊപ്പം നൽകണം. അപേക്ഷ ഒക്ടോബർ എട്ടിന്് അഞ്ച് മണിക്കകം കണ്ണൂർ സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. ഫോൺ : 0497 2700596
കെൽട്രോൺ കോഴ്‌സുകൾ
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഗവ. അപ്രൂവ്ഡ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ, ഡിസിഎ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, വേഡ് പ്രോസസിങ്ങ് ആൻഡ് ഡാറ്റാ എൻട്രി (ഡബ്ല്യൂപിഡിഇ), ഓഫീസ് ഓട്ടോമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കം. ഫോൺ: 0460 2205474, 0460 2954252