പി.വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കും
പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടികള്‍ തുടങ്ങി. അനധികൃത തടയണ പൊളിച്ച് നീക്കാന്‍ റീ ടെണ്ടര്‍ ക്ഷണിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. സിപിഐഎം നേതൃത്വത്തിലുള്ള പഞ്ചായത്താണ് കൂടരഞ്ഞി. തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് എട്ട് മാസമായിട്ടും നടപടി എടുത്തിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ തുടര്‍ച്ചയായി രംഗത്തുവന്നതിന് പിന്നാലെ അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടികള്‍ തുടരുകയാണ്. അനധികൃതമായി ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ അന്‍വറിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാനുള്ള നീക്കം പഞ്ചായത്ത് ശക്തമാക്കിയത്. തടയണ പൊളിച്ചു നീക്കണമെന്ന് ഇക്കഴിഞ്ഞ ജനുവരി മുപ്പത്തിയൊന്നിന് ഹൈക്കോടതി ഉത്തരവിട്ടതാണ്. മുന്‍ നദീതട സംരക്ഷണ സമിതി ചെയര്‍മാന്‍ ടി വി രാജന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ തടയണ പൊളിച്ചു നീക്കാന്‍ നടപടിയുണ്ടായില്ല. മഴ സാധ്യത കണക്കിലെടുത്ത് തടയണ ഉടന്‍ പൊളിച്ചു നീക്കണമെന്ന് ജൂലൈ 31ന് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും ഉത്തരവിട്ടു. ഇതനുസരിച്ച് പഞ്ചാത്ത് ടെണ്ടര്‍ വിളിച്ചുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്. ഇതിനിടെ മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചു നീക്കുകയും ചെയ്തു. കൂടരണി പഞ്ചായത്ത് മെല്ലെപ്പോക്ക് തുടര്‍ന്നതോടെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ അവിടെയും നടപടിയുണ്ടായിരുന്നില്ല.
മലപ്പുറം പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പി വി അന്‍വര്‍ സിപിഐഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്ന യുദ്ധത്തിന് തുടക്കമിട്ടത്. മുന്‍ എസ്പി സുജിത് ദാസിന് മലപ്പുറത്തു നടക്കുന്ന സ്വര്‍ണം പൊട്ടിക്കലില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരേയും അന്‍വര്‍ രംഗത്തെത്തി. എഡിജിപി അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു വിമര്‍ശനം. തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയായിരുന്നു അന്‍വറിന്റെ അടുത്ത ഉന്നം. പി ശശിക്കെതിരെയും ആരോപണങ്ങള്‍ വന്നതോടെ പി വി അന്‍വറിനെ പരസ്യമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. പി വി അന്‍വറിന്റേത് ഇടതു പശ്ചാത്തലമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പി വി അന്‍വറിന്റെ വഴി കോണ്‍ഗ്രസിന്റേതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിന് പിന്നാലെ പി വി അന്‍വറിനെ പൂര്‍ണമായും തള്ളി സിപിഐഎം രംഗത്തെത്തി.