രക്തതാരകം അസ്തമിച്ചു : കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു
കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ വിടവാങ്ങി. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരണത്തിന് കീഴടങ്ങി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന ഡിവൈഎഫ്‌ഐ സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. സിപിഐ എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.