വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
തീരദേശ പോലീസ് സ്റ്റേഷനുകളിലെ ബോട്ടുകളിൽ തൊഴിലവസരം

കണ്ണൂർ സിറ്റി പോലീസിന് കീഴിൽ അഴീക്കൽ, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ ബോട്ട് കമാണ്ടർ (മാസ വേതനം: 28,385 രൂപ), അസിസ്റ്റന്റ് ബോട്ട് കമാണ്ടർ (27,010 രൂപ), ബോട്ട് ഡ്രൈവർ (ദിവസം 700 രൂപ), ബോട്ട് സ്രാങ്ക് (ദിവസം 1155 രൂപ), ബോട്ട് ലസ്‌കർ (ദിവസം 645 രൂപ) എന്നീ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് സിറ്റി ജില്ലാ പോലീസ് മേധാവി അപേക്ഷ ക്ഷണിച്ചു.
ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ, ബോട്ട് ഡ്രൈവർ, ബോട്ട് സ്രാങ്ക് അപേക്ഷരുടെ വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസും, പ്രായപരിധി 18 വയസ്സിനും 35 വയസ്സിനും ഇടയിലും (45 വയസ്സിനു താഴെ എക്സ് സർവീസ് മെൻ) ആയിരിക്കണം.
ബോട്ട് കമാണ്ടർ, അസി. ബോട്ട് കമാണ്ടർ അപേക്ഷകർ എക്സ് നേവി/എക്സ് കോസ്റ്റ്ഗാർഡ്/എക്സ് ബിഎസ്എഫ് വാട്ടർ വിംഗ് സൈനികരായിരിക്കണം. കേരള മൈനർ പോർട്സ് നൽകിയ മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്) എംഎംഡി ലൈസൻസ് ഉള്ളവരാകണം. ബോട്ട് കമാണ്ടർക്ക് കടലിൽ അഞ്ച് വർഷം ബോട്ട് ഓടിച്ചുള്ള പരിചയവും, അസി. ബോട്ട് കമാണ്ടർക്ക് കടലിൽ മൂന്ന് വർഷം ബോട്ട് ഓടിച്ചുള്ള പരിചയവും ഉണ്ടായിരിക്കണം.
ബോട്ട് ഡ്രൈവർ, ബോട്ട് സ്രാങ്ക് അപേക്ഷകർക്ക് കേരള സ്റ്റേറ്റ് പോർട്ട് ഹാർബർ റൂൾ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവർ, ബോട്ട് സ്രാങ്ക് ലൈസൻസ് അല്ലെങ്കിൽ എം എം ഡി ലൈസൻസ്, നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും സാങ്കേതിക യോഗ്യതയും നേടിയ ശേഷം അഞ്ച് ടൺ/ 1.2 ടൺ ഇന്റർസെപ്റ്റർ ബോട്ട്  തത്തുല്യ ജലയാനം കടലിൽ ഓടിച്ചുള്ള മൂന്ന് വർഷത്തെ പരിചയം അഭികാമ്യം.

ഡ്രൈവർ ഒഴികെയുള്ള തസ്തികകൾക്ക് കാഴ്ചശക്തി: ദൂര കാഴ്ച 6/6 സ്റ്റെല്ലാൻ സമീപ കാഴ്ച 0.5, വർണ്ണാന്ധത, നിശാന്ധത, കോങ്കണ്ണ് എന്നിവ ഉണ്ടായിരിക്കുവാൻ പാടില്ല. അപേക്ഷകർ കടലിൽ 500 മീറ്റർ നീന്തൽ ടെസ്റ്റ് വിജയിക്കേണ്ടതാണ്. ശാരീരിക മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുക. സ്ത്രീകൾ വികലാംഗർ, പകർച്ച വ്യാധിയുള്ളവർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.
ഡ്രൈവർ തസ്തികയക്ക് രണ്ട് കണ്ണിനും പരിപൂർണ കാഴ്ച ഉണ്ടായിരിക്കണം. വർണാന്ധത, നിശാന്ധത, കോങ്കണ്ണ്, കണ്ണിനോ കൺപോളകൾക്കോ ഏതെങ്കിലും തരത്തിലുള്ള വൈകല്യം എന്നിവ ഉണ്ടാകരുത്.

ബോട്ട് ലസ്‌കർ തസ്തികക്ക്  വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയിൽ. ബോട്ട് ലസ്‌കർ അപേക്ഷകർക്ക് അഞ്ച് വർഷം ലസ്‌കർ തസ്തികയിൽ സേവന പരിചയം വേണം. എല്ലാ തസ്തികയിലേക്കും നീന്തൽ പരിചയം ഉണ്ടായിരിക്കണം.

അപേക്ഷ ജില്ലാ പോലീസ് മേധാവി, കണ്ണൂർ സിറ്റി എന്ന വിലാസത്തിൽ ഒക്ടോബർ 28 നകം സമർപ്പിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. ഫോൺ: 04972 763332.

ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷൻ കട ഉദ്ഘാടനം ഒക്ടോബർ ഒന്നിന്

സംസ്ഥാന സർക്കാറിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം ഒക്‌ടോബർ ഒന്നിന് രാവിലെ 10 മണിക്ക് ആറളം ഫാമിലെ കമ്യൂണിറ്റി ഹാളിൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിക്കും. ആറളം ഫാമിലെ ഒമ്പത്, 10 ബ്ലോക്കുകളില താമസിക്കുന്ന ഗോത്ര വർഗ കുടുംബങ്ങൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ വാഹനത്തിൽ എത്തിച്ചു നൽകുന്നതാണ് പദ്ധതി.
സ്പോട്ട് അഡ്മിഷൻ

കുറുമാത്തൂർ ഗവ. ഐ ടി ഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 28 രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഓൺലൈനായി അപേക്ഷിച്ചവർക്കും അപേക്ഷ നൽകാൻ സാധിക്കാത്തവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ ടിസിയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പികളുമായി  ഐ ടി ഐ യിൽ നേരിട്ട് വന്ന് അപേക്ഷ നൽകണം. ഫോൺ: 9497639626, 9747537828

നിയമക്കുരുക്ക് അഴിക്കാൻ മെഗാ ലോക് അദാലത്ത് ഒക്ടോബർ രണ്ടിന്

ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെയും, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് മെഗാ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ, മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകൾ എന്നിവയും കോടതികളിൽ എത്താത്ത തർക്കങ്ങളും ഒക്ടോബർ രണ്ടിന് രാവിലെ 10 മണി മുതൽ തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളിൽ നടത്തപ്പെടുന്ന അദാലത്തിൽ പരിഗണിക്കും. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടേയോ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റികളുടേയോ നോട്ടീസ് ലഭിച്ചവർ കൃത്യസമയത്ത് നോട്ടീസിൽ പറയും പ്രകാരം ഓഫീസുകളിൽ എത്തിച്ചേരണമെന്ന്  ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ കെ ടി നിസാർ അഹമ്മദ് അറിയിച്ചു.

ലൈവ് ഫിഷ് വെൻഡിംഗ് സെൻറർ, ഫിഷ് കിയോസ്‌ക്: അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ പ്രധാനമന്ത്രി മത്സ്യസമ്പദയോജന പദ്ധതിയുടെ ഘടകപദ്ധതികളായ ലൈവ് ഫിഷ് വെൻഡിംഗ് സെൻറർ, അക്വേറിയം കിയോസ്‌ക്/ഓർണമെന്റൽ ഫിഷ് എന്നിവ ഉൾപ്പെടെയുള്ള ഫിഷ് കിയോസ്‌ക് നിർമ്മാണം പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. ലൈവ് ഫിഷ് വെൻഡിംഗ് സെൻറർ യൂനിറ്റിന് 20 ലക്ഷം രൂപയും ഫിഷ് കിയോസ്‌ക് നിർമ്മാണം പദ്ധതിക്ക് 10 ലക്ഷം രൂപയുമാണ് യൂനിറ്റ് ചെലവ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 17ന് വൈകീട്ട് അഞ്ച് മണി. വിശദ വിവരങ്ങൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ ജില്ലയിലെ മത്സ്യഭവനുകളിലോ ബന്ധപ്പെടാം. ഫോൺ: 0497 2732340.

കെഎസ്ആർടിസി ഗവി യാത്ര പുനരാരംഭിച്ചു

അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷം കണ്ണൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഗവി യാത്ര പുനരാരംഭിച്ചു. അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ  അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ നാല്, 25 തീയ്യതികളിൽ പുറപ്പെടുന്ന യാത്രയിൽ രണ്ടാമത്തെ ദിവസം കുമളി, കമ്പം, രാമക്കൽ മേട് എന്നിവയും സന്ദർശിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറു മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 6090 രൂപയാണ് ചാർജ്. ഫോൺ: 8089463675, 9497007857

ഗതാഗതം നിരോധിച്ചു

കോളയാട് ഗ്രാമ പഞ്ചായത്തിൽ പുനർ നിർമ്മിച്ച പെരുവ-കടൽക്കണ്ടം പാലത്തിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 30 മുതൽ 50 ദിവസത്തേക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി  കണ്ണൂർ പാലങ്ങൾ ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പാലത്തിന്റെ അനുബന്ധ റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് നിരോധനം.

ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂർ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌ക്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് ആന്റ്  വർക്ക് പ്ലേസ് സ്‌കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ഹയർ സെക്കണ്ടറി അധ്യാപക തസ്തികക്ക് കെപിഎസ്‌സി നിഷ്‌കർഷിച്ച യോഗ്യത നേടിയ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി ഒക്ടോബർ ഒന്നിന് രാവിലെ 11.30 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2945260

ക്യാമ്പ് ഫോളോവർ  നിയമനം

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ  ക്യാമ്പ് ഫോളോവർ ജോലിക്കായി താൽക്കാലികാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ക്യാംപ് ഫോളോവർമാരെ (സ്വീപ്പർ ഒന്ന്, ധോബി ഒന്ന് )  നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബർ ഒന്നിന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തും. ഈ  ജോലികളിൽ മുൻപരിചയം ഉള്ളവർ അന്നേ ദിവസം രാവിലെ 10.30 ന് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐഡി/ആധാർ) സഹിതം നേരട്ടെത്തണം.

ഗവ. വനിത ഐടിഐ സ്റ്റേജ് കം ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം 28ന്

കണ്ണൂർ ഗവ വനിതാ ഐടിഐ യിൽ കണ്ണൂർ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേജ് കം ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 28ന് രാവിലെ 9.30ന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും.

ദർഘാസ്

തലശ്ശേരി ശിശുവികസന പദ്ധതി ഓഫീസിന്റെ പിരിധിയിലെ 146 അങ്കണവാടികൾക്ക് 2023-24 സാമ്പത്തിക വർഷത്തെ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ജി എസ് ടി രജിസ്ട്രേഷൻ ഉള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബർ 10 ഉച്ചയ്ക്ക് ഒരു മണി. ഫോൺ: 04902344488.

About The Author

Leave a Reply

Your email address will not be published. Required fields are marked *