മൃതദേഹം അർജുന്റേതെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ ഫലം; ഇന്നുതന്നെ കോഴിക്കോട്ടെത്തിക്കും

0

ഷിരൂർ ഗംഗാവലിയിൽ നിന്ന് കിട്ടിയ മൃതദേഹം അര്ജുന്റെത് തന്നെയെന്ന് ഡിഎൻഎ ഫലം. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അർജുന്റെ മൃതദേഹം ഇന്ന് തന്നെ കോഴിക്കോടേക്ക് കൊണ്ടുപോകും. രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കാനാണ് തീരുമാനം.

അർജുന്റെ സഹോദരൻ അഭിജിത്തും ജിതിനും ആംബുലൻസിൽ ഒപ്പമുണ്ടാകും. കർണാടക പൊലീസും യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചിലവുകളും കർണാടക സർക്കാർ ആണ് വഹിക്കുക.

ഇന്നലെ വൈകിയാണ് സാമ്പിൾ ഫൊറൻസിക് ലാബിൽ എത്തിച്ചത്. രാവിലെ മുതൽ പരിശോധനയും തുടങ്ങിയിരുന്നു. എന്നാൽ ഇന്നലെ ഷിരൂർ ദുരന്തമുഖത്ത് നിഴലിച്ചത് ഉള്ളുലഞ്ഞ കാഴ്ചകളായിരുന്നു. ക്യാബിനുള്ളിൽ മകനായി അർജുൻ കരുതിവെച്ച കുഞ്ഞുലോറിയും വസ്ത്രങ്ങളും ഇന്നലെ കണ്ടെത്തിയിരുന്നു. ഗംഗാവലിപ്പുഴയിൽ നിന്ന് പുറത്തെടുത്തശേഷം ലോറി പൊളിച്ച് പരിശോധിക്കുന്നതിനിടയിലാണ് അർജുൻ അവസാനമായി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ കൂട്ടത്തിൽ മകന്റെ കളിപ്പാട്ടവും കണ്ടെത്തിയത്. വീട്ടിൽ മകനോടൊപ്പം കളിച്ച ശേഷം യാത്ര പോകുമ്പോൾ കളിപ്പാട്ട ലോറി ക്യാബിനിൽ അർജുൻ വയ്ക്കുന്നത് പതിവായിരുന്നു.

അതേസമയം, ബുധനാഴ്ച ലോറിയുടെ ക്യാബിനിൽ നിന്നാണ് അർജുന്റെ മൃതദേഹഭാഗം കണ്ടെത്തിയത്. കരയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ CP 2 പോയിന്റിൽ നിന്നാണ് ലോറി കണ്ടെത്തിയത്. 12 അടി താഴ്ചയിൽ ചരിഞ്ഞ്‌കിടക്കുന്ന അവസ്ഥയിലായിരുന്നു ലോറി.

പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ – കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു.

അർജുന് പുറമെ 8 പേർ കൂടി മരിച്ച ഷിരൂർ ദുരന്തത്തിൽ ഇനി കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ എന്നിവരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് കർണാടകം സർക്കാർ അറിയിച്ചിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *