അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി: എം വി ഗോവിന്ദന്
പിവി അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അന്‍വറിന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അന്‍വറിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് കാര്യമായ ധാരണയില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് അന്‍വര്‍ എന്നും. സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യം അദ്ദേഹത്തിനില്ലെന്നും എംവി ഗോവിന്ദന് വിമര്‍ശിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ എംഎല്‍എ ആയിട്ട് പോലും ഇതുവരെ അന്‍വറിന് കഴിഞ്ഞില്ല. വര്‍ഗ ബഹുജന സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട് പാര്‍ട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അമര്‍ത്യാസെന്‍ ചൂണ്ടിക്കാട്ടിയ കേരള മോഡലിനെ ശക്തമാക്കുന്ന നടപടിയാണ് പാര്‍ട്ടിയും, സര്‍ക്കാരും സ്വീകരിച്ച് പോരുന്നത്. ജനങ്ങളുടെ പരാതിയില്‍ എല്ലായ്പ്പോഴും സര്‍ക്കാര്‍ ഇടപെടുന്നു. ഈ പശ്ചാത്തലത്തില്‍ വേണം അന്‍വറിന്റെ പരാതിയെ കാണാന്‍ – എംവി ഗോവിന്ദന് പറഞ്ഞു.
അന്‍വര്‍ പരാതി ഉന്നയിച്ച രീതി ശരിയല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന് കൊടുത്ത പരാതിയുടെ പകര്‍പ്പ് പാര്‍ട്ടിക്കും നല്‍കിയിട്ടുണ്ടെന്നും. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സുജിത്ദാസിനെതിരായ പരാതി ഡിജിപി അന്വേഷിച്ച് നടപടി സ്വീകരിച്ചുവെന്നും എംവി ഗോവിന്ദന് പറഞ്ഞു. സര്‍ക്കാരിന് നല്കിയ പരാതിയായതിനാല് ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കാം എന്നായിരുന്നു നിലപാടെന്നും പറഞ്ഞ അദ്ദേഹം ആദ്യ പരാതിയില്‍ ശശിക്കെതിരെ പരാമര്‍ശമില്ലായിരുന്നുവെന്നും പിന്നീടാണ് ഉള്‍പ്പെടുത്തിയതെന്നും ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഈ വിഷയം പരിശോധിച്ചില്ല. ശേഷം, രണ്ടാമത് നല്കിയ പരാതി നല്കി. ഇതും പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നേരില്‍ കാണാന്‍ അന്വേഷിച്ചപ്പോള്‍, 3ാം തിയ്യതി കാണാന്‍ നിശ്ചയിച്ചിരുന്നുവെന്നും അതിനിടെയാണ് അച്ചടക്കം ലംഘിച്ചു വാര്‍ത്ത സമ്മേളനം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ തവണ ഓര്‍മിപ്പിച്ചിട്ടും വാര്‍ത്ത സമ്മേളനങ്ങളില്‍ നിന്നും മാറിനിന്നില്ല. അന്‍വറിന്റെ പരാതി പരിശോധിക്കാത്തിരിക്കുകയോ, അഭിപ്രായങ്ങള്‍ കേള്‍ക്കാതിരിക്കുകയോ ചെയ്യുന്ന സമീപനം സ്വീകരിച്ചിട്ടില്ല എംവി ഗോവിന്ദന് വിശദമാക്കി.
വന്ന പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുന്നതില്‍ അദ്ദേഹം തയാറായില്ല. നിരവധി തവണ വാര്‍ത്താ സമ്മേളനം നടത്തി, നിരവധി തവണ പാടില്ല എന്ന് നിര്‍ദേശം നല്കി. യുഡിഎഫും ബിജെപിയും വാര്‍ത്താ മാധ്യമ സംഘങ്ങളും എന്താണോ കേരളത്തിലെ ഗവണ്മെന്റിനെതിരായി ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത് അത് തന്നെ ഇക്കാലമത്രയും അതിനെതിരായി ശക്തമായി നിലകൊണ്ട അന്‍വര്‍ തന്റെ ഭാഷയില്‍, ശൈലിയില്‍ ഉന്നയിച്ചു.
വിവിധ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയും, ഞാനും പോളിറ്റ്ബ്യൂറോ അംഗമായ വിജയരാഘവനുമുള്പ്പടെ എല്ലാവും നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. മലപ്പുറമുള്‍പ്പടെയുള്ള വിവിധ മേഖലകളിലെ സഖാക്കളും പാര്‍ട്ടി നേതാക്കളും നിരന്തരമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
അന്‍വറിന്റെ പരാതികള്‍ കേള്‍ക്കാതിരിക്കുകയോ അഭിപ്രായങ്ങള്‍ പരിഗണിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു സമീപനം പാര്‍ട്ടിയില്‍ നിന്നുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നല്ല പരിഗണന പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിച്ച് മുന്നോട്ട് പോവുക എന്ന സമീപനമാണ് പാര്‍ട്ടിക്കുള്ളത്. അന്വേഷണങ്ങള്‍ മുറയ്ക്ക് തന്നെ നടന്നു വരികയാണ്. പാര്‍ട്ടി അംഗം പോലുമല്ലാത്ത അന്‍വറിന് നല്കാവുന്ന എല്ലാ പരിഗണനയും നല്‍കിയിട്ടും മൂന്ന് പിബി അംഗങ്ങള്‍ ഉറപ്പ് നല്‍കിയിട്ടും അത് കണക്കാക്കാതെ പത്രസമ്മേളനം നടത്തി – അദ്ദേഹം വ്യക്തമാക്കി.