‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വെറെയാണ്’; അൻവറിന്‍റെ വീടിന് മുന്നിൽ സി.പി.എം ഫ്ലക്സ് ബോര്‍ഡ്
മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കൾക്കുമെതിരെ തുറന്ന പോരിനിറങ്ങിയ പി.വി അൻവര്‍ എം.എൽ.എക്കെതിരെ ഫ്ലക്സ് ബോര്‍ഡുമായി സി.പി.എം. അൻവറിന്റെ നിലമ്പൂരിലെ വീടിന് മുന്നിലാണ് ഒതായി ബ്രാഞ്ച് കമ്മിറ്റിയുടെ പേരിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ്’ എന്നാണ് പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ചിത്രമുള്ള ബോര്‍ഡിൽ കുറിച്ചിരിക്കുന്നത്.
ഫ്ലക്സ് വെച്ചിരിക്കുന്നത് ഞങ്ങളുടെ സ്ഥലത്ത് തന്നെയാണെന്നും വീടിന് മുമ്പിൽ റോഡ് വീതി കുറവായത് കൊണ്ട് വെക്കട്ടേയെന്ന് ചോദിച്ചപ്പോൾ അനുവദിച്ചെന്നുമായിരുന്നു അൻവറിന്റെ പ്രതികരണം. ‘അത് വെച്ചിരിക്കുന്നത് നമ്മുടെ സ്ഥലത്ത് തന്നെയാണ്. കാരണം സഖാക്കൾക്കിത് വെക്കാൻ ഇവിടെ വേറെ സ്ഥലമില്ല. വീടിന്റെ മുമ്പിൽ റോഡ് വീതി കുറവാണ്. അപ്പോൾ എന്നോട് ചോദിച്ചു, വെക്കട്ടേയെന്ന്. അതിനെന്താ കുഴപ്പം, ഈ പാർട്ടിയിൽ വിമർശനം ഉള്ളതല്ലേ. അതിനെയൊക്കെ ആ സ്പോർടസ്മാൻ സ്പിരിറ്റിൽ കണ്ടാൽ മതി’ -അൻവർ പറഞ്ഞു.
ഇതിനിടെ, പി.വി അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിൽ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം തുവ്വൂരിൽ പി.വി അൻവര്‍ എം.എല്‍.എക്ക് അഭിവാദ്യം അര്‍പ്പിച്ച് ലീഡര്‍ കെ. കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലും ഫ്ലക്സ് ബോര്‍ഡ് ഉയർന്നിട്ടുണ്ട്. പി.വി അൻവറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സിൽ കുറിച്ചിട്ടുള്ളത്.