തീവണ്ടികളിൽ പ്രത്യേക ടിക്കറ്റ് പരിശോധന; റെയിൽവേ ബോർഡ് സോണുകൾക്ക് നിർദേശം നൽകി

0

ഒക്ടോബർ ഒന്നുമുതൽ 15 വരെയും 25 മുതൽ നവംബർ 10 വരെയും തീവണ്ടികളിൽ പ്രത്യേക ടിക്കറ്റ് പരിശോധന നടത്താൻ റെയിൽവേ ബോർഡ് സോണുകൾക്ക് നിർദേശം നൽകി. പൂജ, ദീപാവലി എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കും. ഈ സമയങ്ങളിൽ ടിക്കറ്റ് എടുക്കാതെയും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായും യാത്രചെയ്യുന്നവരെ പിടികൂടും.


എമർജൻസി ക്വാട്ടയിലും മുതിർന്ന പൗരർ, കാൻസർ ബാധിതർ എന്നിവർക്കായും നീക്കിവെച്ചിട്ടുള്ള ബർത്തുകൾ അർഹതയില്ലാത്തവർക്ക് നൽകുന്നുണ്ടോയെന്നും പരിശോധിക്കും. ടിക്കറ്റ് പരിശോധനയ്ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരോടൊപ്പം ആർ.പി.എഫ്. സേനാംഗങ്ങളുമുണ്ടാകും. ഇളവുലഭിക്കേണ്ടവർ അർഹതയുള്ള തിരിച്ചറിയൽകാർഡ് കൈയിൽ കരുതിയിട്ടുണ്ടോയെന്നും പരിശോധിക്കും.
ടിക്കറ്റെടുക്കാൻ നീണ്ട ക്യൂവുണ്ടാകാൻ സാധ്യതയുള്ള സ്റ്റേഷനുകളിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുടങ്ങാനും ഒാട്ടോമാറ്റിക് വെൻഡിങ് മെഷീനുകൾക്ക്‌ ശുപാർശചെയ്യണമെന്നും ടിക്കറ്റ് പരിശോധകർക്ക് റെയിൽവേ ബോർഡ് നിർദേശം നൽകി.

കൈയിൽ കരുതേണ്ട രേഖകളെക്കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കുകയും വേണം. ഐ.ആർ.സി.ടി.സി.യുടെ വെബ്‌സൈറ്റ്, റെയിൽവേ ടിക്കറ്റ് കൗണ്ടറുകൾ, അംഗീകൃത എജന്റുമാർ എന്നിവവഴി മാത്രമായിരിക്കണം ടിക്കറ്റുകൾ എടുക്കേണ്ടത്. ടിക്കറ്റ് പരിശോധന കൃത്യമായി നടക്കുണ്ടോയെന്ന് നിരീക്ഷിക്കാൻ കൊമേഴ്സ്യൽ വിഭാഗത്തിലെ മുതിർന്ന ഉദ്യോസ്ഥരെ നിയോഗിക്കും. ഇതിന്റെ റിപ്പോർട്ട് റെയിൽവേ ബോർഡിന് അയച്ചുകൊടുക്കണമെന്നും നിർദേശമുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *