വയോജന സംരക്ഷണ നിയമം: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 എന്ന വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ് ജില്ലാ തല പരിശീലനം സംഘടിപ്പിച്ചു. പൊലീസ്, രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്കായി ജില്ലാ പൊലീസ് കോ ഓപറേറ്റീവ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച പരിശീലനം തലശ്ശേരി സബ് ജഡ്ജ് ആൻഡ് ഡിഎൽഎസ്എ സെക്രട്ടറി പി മഞ്ജുഉദ്ഘാടനം ചെയ്തു. കണ്ണൂർ സിറ്റി എഎസ്പി കെവി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ആർഡിഒ പിവി രഞ്ജിത്ത്മുഖ്യപ്രഭാഷണം നടത്തി
വയോജന ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ ആർഡിഒ പ്രിസൈഡിംഗ് ഓഫീസറായ മെയിന്റനൻസ് ട്രിബ്യൂണലിനാണു സമർപ്പിക്കേണ്ടതെന്നും വയോജനങ്ങളെ സഹായിക്കാനുള്ള ഫെസിലിറ്റേറ്റർ ആകാൻ പൊലീസിന് സാധിക്കുമെന്നും ക്ലാസെടുത്ത ജെസിഐ ട്രെയ്നർ അഡ്വ. കെ എ പ്രദീപ് പറഞ്ഞു. മുതിർന്ന പൗരന്മാർ, മാതാപിതാക്കൾ, അവർ ചുമതലപ്പെടുത്തുന്ന ആൾക്കാർ, സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകൾ എന്നിവർക്ക് വയോജന ക്ഷേമവും സംരക്ഷണവും ആയി ബന്ധപ്പെട്ട പരാതികൾ മെയിന്റനൻസ് ട്രിബ്യൂണലിനു സമർപ്പിക്കാമെന്നും ട്രിബ്യൂണലിനു സ്വമേധയാ കേസെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യോളജിസ്റ്റ് മിനിമോൾ കെ ജോസഫ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് പി കെ നാസർ എന്നിവരും ക്ലാസെടുത്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു, സി പി ചാത്തുക്കുട്ടി, ബാലകൃഷ്ണൻ മാസ്റ്റർ, രഘുനാഥൻ നമ്പ്യാർ, എൻ ശ്രീനാഥ് കൂറ്റമ്പിള്ളി, പി വി ജയേഷ്, കെ അനീഷ് എന്നിവർ സംസാരിച്ചു.