ആംബുലൻസുകൾക്ക് താരിഫ്; ഡ്രൈവർമാർക്ക് പരിശീലനവും പ്രത്യേക യൂണിഫോമും
സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി സർക്കാർ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലന്‍സിന് താരിഫ് പ്രഖ്യാപിക്കുന്നത്. ഐസിയു സംവിധാനം ഉള്ള ആംബുലന്‍സിന് 10 കിലോമീറ്ററില്‍ 2,500 രൂപയും സി ലെവല്‍ ആംബുലന്‍സിന് 1,500 രൂപയും ബി ലെവല്‍ ആംബുലന്‍സിന് 1000 രൂപയുമാണ് മിനിമം ചാര്‍ജ്. ഐസിയു സംവിധാനം ഉള്ള ആംബുലന്‍സ് അധിക കിലോമീറ്ററിന് 50 രൂപയും മറ്റുള്ളവയ്ക്ക് 40, 30 രൂപ വീതവും ഈടാക്കും. തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ധാരണയായത്.
ആംബുലന്‍സുകളുടെ നിരക്കിന് ഇതുവരെ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, ആംബുലന്‍സ് ഉടമകളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മിനിമം നിരക്കും, അധിക കിലോമീറ്ററിന് ഈടാക്കാവുന്ന നിരക്കും തീരുമാനിച്ചിട്ടുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അറിയിച്ചു.
വെന്റിലേറ്റര്‍ ആംബുലന്‍സ് ഉപയോഗിക്കുന്ന ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 ശതമാനം ഇളവ് ഉണ്ടാകും. കാന്‍സര്‍ രോഗികള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഓരോ കിലോമീറ്ററും രണ്ടു രൂപ വെച്ച് ഇളവ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
താരിഫുകള്‍ ആംബുലന്‍സില്‍ പ്രദര്‍ശിപ്പിക്കും. യാത്രാ വിവരങ്ങള്‍ അടങ്ങിയ ലോഗ് ബുക്ക് ആംബുലന്‍സില്‍ നിര്‍ബന്ധമാക്കുകയും സംശയം തോന്നുന്ന ആംബുലന്‍സുകളില്‍ പരിശോധന നടത്തുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നേവി ബ്ലൂ ഷര്‍ട്ടും ബ്ലാക്ക് പാന്റും ആണ് യൂണിഫോം.