ഭൂമിയിടപാട് കേസ്; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി ഹൈക്കോടതി തള്ളി
മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ തന്നെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരേ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിഡ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. വിഷയത്തിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്ലോത് നേരത്തേ അനുമതി നൽകിയിരുന്നു. മൂന്നുപേർ നൽകിയ പരാതികളിലായിരുന്നു നടപടി. എന്നാൽ താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ടിന്റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹർജി. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ‘മുഡ’ മൈസൂരുവിൽ 14 പാർപ്പിടസ്ഥലങ്ങൾ അനുവദിച്ചുനൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ഭാര്യാസഹോദരൻ മല്ലികാർജുൻ വാങ്ങി പാർവതിക്കുനൽകിയതാണ് 3.16 ഏക്കർ ഭൂമി. ഇത് ‘മുഡ’ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാർപ്പിടസ്ഥലങ്ങൾ നൽകുകയും ചെയ്തെന്നാണ് പരാതി. തൻ്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു.