തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായി: മുഖ്യമന്ത്രി
തൃശൂർ പൂരം അലങ്കോലമായതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ചൊവ്വഴ്ച തന്റെ കൈയിൽ കിട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായി. കൂടുതൽ വിവരങ്ങൾ തനിക്ക് ഇപ്പോൾ അറിയില്ല. അതേക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.റിപ്പോർട്ട് ഉടൻ പുറത്തുവിടും. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ 24 ന് മുമ്പ് റിപ്പോർട്ട് ലഭിക്കണം എന്ന് ഉത്തരവിട്ടിരുന്നു. 23 ന് തന്നെ റിപ്പോർട്ട് ഡിജിപിയുടെ ഓഫീസിലെത്തി. ആ റിപ്പോർട്ട് നാളെയെ തന്റെ കൈയിലെത്തൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റിപ്പോർട്ട് കാണാതെയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.റിപ്പോർട്ടിൽ എന്താണെന്ന് മൂന്നാല് ദിവസം കാത്തിരുന്നാൽ മനസിലാകും. അപ്പോഴേക്കും ജനത്തിന്റെ മനസിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് ചിലർ വ്യാജപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഇല്ലാ എന്നാണ് എഡിജിപി അജിത് കുമാർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും മുന്‍കൂട്ടിയുള്ള ആസൂത്രണവും ഉണ്ടെന്ന് ആരോപിച്ച് മുൻ മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിയിരുന്നു.