ഡൽഹിയിൽ നടന്ന വെർച്വുകെയർ ഫോറത്തിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തും വിധമുള്ള ടെലിഹെൽത്ത്, പുനരധിവാസ സേവനങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഡോ. ജോസഫ് സണ്ണി
ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തും വിധമുള്ള ടെലിഹെൽത്ത്, പുനരധിവാസ സേവനങ്ങൾ ആവശ്യമാണെന്ന് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ (എഐഒടിഎ) ഓണററി സെക്രട്ടറിയും പ്രയത്ന ഡയറക്ടറുമായ ഡോ. ജോസഫ് സണ്ണി ന്യൂ ഡൽഹിയിലെ വിർച്യുകെയർ ഫോറത്തിൽ ആവശ്യപ്പെട്ടു. വെർച്വൽ ഹെൽത്ത് കെയറിൽ ഭിന്നശേഷിക്കാരെ ഉൾക്കൊള്ളാൻ സ്വീകരിക്കേണ്ട സമീപനങ്ങൾ എന്ന വിഷയത്തിൽ വെർച്യുകെയർ നെറ്റ്വർക്ക് ആതിഥേയത്വം വഹിച്ച് ന്യൂഡൽഹിയിലെ മെൽബൺ ഗ്ലോബൽ സെൻ്ററിൽ നടന്ന പോളിസി ആൻഡ് പ്രാക്ടീസ് ഫോറത്തിൽ വിശിഷ്ട പാനലിസ്റ്റായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഏഷ്യ, പസഫിക് ഔട്ട്ലുക്ക് സീരീസിന്റെ ഭാഗമായി ഇന്ത്യയിലെ വെർച്വൽ ഹെൽത്ത്കെയറിന്റെ ഉന്നമനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്.
ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷനിലെ മിനിസ്റ്റർ കൗൺസിലർ കാർലി പാർട്രിഡ്ജ്, ഓസ്ട്രേലിയ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ റിസർച്ച് അഡ്വൈസറും പബ്ലിക് ഹെൽത്ത് ഫിസിഷ്യനുമായ പ്രൊഫസർ നഥാൻ ഗ്രിൽസ്, സാമൂഹ്യനീതി- ശാക്തീകരണ മന്ത്രാലയം ഭിന്നശേഷി ശാക്തീകരണ വകുപ്പ് സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ ഐ.എ.എസ്, ന്യൂഡൽഹിയിലെ ഡബ്ല്യുഎച്ച്ഒയിലെ ദേശീയ പ്രൊഫഷണൽ ഓഫീസർ ഡോ. മുഹമ്മദ് ആഷിൽ, അഡ്ലെയ്ഡ് സർവകലാശാലയിലെ ഒക്യുപേഷണൽ തെറാപ്പി പ്രോഗ്രാം ഡയറക്ടർ അസോസിയേറ്റ് പ്രൊഫസർ എമ്മ ജോർജ്ജ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമായി ഇടപഴകാനുള്ള അവസരം ഡോ. ജോസഫ് സണ്ണിക്ക് ലഭിച്ചു.
“ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളുടെ പരിചരണത്തിൽ തുടർച്ച നിലനിർത്താൻ ടെലിഹെൽത്ത് അത്യാവശ്യമാണ്. ഭിന്നശേഷിക്കാരെ
പിന്തുണയ്ക്കാൻ ഈ സേവനങ്ങളിൽ ഒക്കുപേഷണൽ തെറാപ്പിസ്റ്, സ്പീച് തെറാപ്പിസ്റ് തുടങ്ങിയ മറ്റ് പുനരധിവാസ പ്രൊഫഷണലുകളുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട്, ടെലി-റിഹാബിലിറ്റേഷനും സംയോജിപ്പിക്കണം. വെർച്വൽ ഹെൽത്ത് കെയറിൽ പരമാവധിയാളുകളെ ഉൾപ്പെടുത്തുന്നതിലൂടെയും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെയും പുനരധിവാസവും ഭിന്നശേഷിക്കാർക്കായുള്ള സേവനങ്ങളും മെച്ചപ്പെടുത്താൻ നമുക്ക് കഴിയും,” ഡോ. ജോസഫ് സണ്ണി പറഞ്ഞു.
കൊവിഡ്-19 മഹാമാരിയിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് ഭിന്നശേഷിക്കാർക്ക്
വെർച്വൽ ഹെൽത്ത് കെയർ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന വെർച്യു കെയർ പദ്ധതി ഫോറം പ്രദർശിപ്പിച്ചു. ഈ പദ്ധതിയിൽ ഇൻക്ലൂസീവ് വെർച്വൽ ഹെൽത്ത് കെയർ പരിഹാരങ്ങൾ വികസിപ്പിക്കാൻ മെൽബൺ യൂണിവേഴ്സിറ്റി, ഇ-സഞ്ജീവനി, ദി ജോർജ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത്, മറ്റു പ്രധാന പങ്കാളികളും സഹകരിക്കുന്നു. ഭിന്നശേഷിക്കാരെയും ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണത്തിൽ ഈ ചർച്ചകൾ ഭാവിയിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ഡോ. ജോസഫ് സണ്ണി ആവേശഭരിതനാണ്.